മന്‍മോഹനെ മാറ്റാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Posted on: May 13, 2013 11:30 pm | Last updated: May 15, 2013 at 7:51 am
SHARE

manmohanന്യൂഡല്‍ഹി:പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മന്‍മോഹന്‍ സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുമ്പായി മന്‍മോഹനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യമെന്ന് ഐ ബി എന്‍ – സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രി എ കെ ആന്റണിയേയോ ധനമന്ത്രി പി ചിദംബരത്തെയോ പ്രധാനമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, രാഹുല്‍ ഗാന്ധി തന്നെ ഭരണ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദനന്‍ ദ്വിവേദി രംഗത്തുവന്നു. 2014-ലെ തിരഞ്ഞെടുപ്പ് വരെ മന്‍മോഹന്‍ സര്‍ക്കാറിനെ നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരായ അശ്വനികുമാറിനെയും പവന്‍ കുമാര്‍ ബന്‍സാലിനെയും പ്രധാനമന്ത്രി സംരക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ഒറ്റപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ പ്രതിച്ഛായ കളങ്കിതമാണെന്നും ഇതേ രീതിയില്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജയിച്ചു കയറാനാകുമോയെന്നുമുള്ള ആശങ്ക വെച്ചുപുലര്‍ത്തുന്ന നേതാക്കളാണ് അദ്ദേഹത്തെ മാറ്റി മുഖം മിനുക്കണമെന്നാവശ്യപ്പെടുന്നത്. പൊതു തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വര്‍ഷം ബാക്കിയിരിക്കെ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
യു പി എയുടെ എല്ലാവിധ ദോഷങ്ങള്‍ക്കും കാരണമായി പ്രധാനമന്ത്രിയെയും നല്ല കാര്യങ്ങള്‍ക്കു പിന്നില്‍ സോണിയയെയും അവതരിപ്പിക്കുന്നത് ശരിയായ പ്രവണതയെല്ലെന്ന് ചൂണ്ടക്കാട്ടുന്നവരും കോണ്‍ഗ്രസിലുണ്ട്. സോണിയയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കിയതെന്ന് പ്രചാരണം ഏറ്റുപിടിച്ചത് ഈ വിഭാഗം നേതാക്കളായിരുന്നു. ഈ രീതിയില്‍ പ്രചാരണം നടത്തുന്നതിനോട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് യോജിപ്പില്ലെന്നാണ് അറിയുന്നത്. മന്‍മോഹന്‍ സിംഗിനെ ഭരണത്തിന്റെ അവസാന കാലയളവില്‍ കുറ്റപ്പെടുത്തുന്നതിനോട് അവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് .
എന്നാല്‍, അടുത്ത ദിവസം ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ രീതിയില്‍ ചര്‍ച്ചകള്‍ വന്നാല്‍ മന്‍മോഹന്‍ രാജിവെച്ചൊഴിയുമെന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here