പി എം കെയെ നിരോധിക്കാന്‍ മടിക്കില്ല: ജയലളിത

Posted on: May 13, 2013 7:52 am | Last updated: May 13, 2013 at 10:54 pm
SHARE

jayalalitha1ചെന്നൈ: പി എം കെ നേതാവ് എസ് രാംദാസ് മോചിതനായെങ്കിലും തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളില്‍ അക്രമത്തിന് അറുതിയായില്ല. ആക്രമണം നടത്തി ക്രമസമാധാനം തകരാറിലാക്കുന്ന പി എം കെയെ നിരോധിക്കാന്‍ തന്റെ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ പ്രഖ്യാപിച്ചു. നശിപ്പിക്കപ്പെട്ട പൊതുമുതലുകളുടെ നഷ്ടപരിഹാരം 1992ലെ തമിഴ്‌നാട് പൊതുമുതല്‍ നിയമം അനുസരിച്ച് പാര്‍ട്ടിയില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.
നഷ്ടം കണക്കുകൂട്ടി അത് പി എം കെയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന്, വടക്കന്‍ ജില്ലകളിലെ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയവെ ജയലളിത അറിയിച്ചു.
പി എം കെയുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. അക്രമികള്‍ക്കെതിരെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും ഗുണ്ടാ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവ അനുസരിച്ച് നടപടിയെടുക്കും. പി എം കെ നേതാക്കളായ ഡോ. രാംദാസ്, മകനും മുന്‍ കേന്ദ്ര മന്ത്രിയുമായ അന്‍പുമണി രാംദാസ്, പാര്‍ട്ടി എം എല്‍ എ കതുവേട്ടി ജെ ഗുരു എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളും ജയലളിത വിവരിച്ചു. പി എം കെ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പൊതു സ്വത്തുക്കള്‍ നശിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
14 ബസുകളടക്കം 16 വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്. പൊള്ളലേറ്റതിനെ തുടര്‍ന്ന് ഒരു ഡ്രൈവര്‍ മരിച്ചു. വാഹനത്തിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് ഒരു ഡ്രൈവറും യാത്രക്കാരനും മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൊത്തം 853 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 120 മരങ്ങള്‍ മുറിച്ചിടുകയും 45 മരങ്ങള്‍ കത്തിക്കുകയും ചെയ്തു. ‘ഒരു കൈ കൊണ്ട് മരം നടുകയും അതിന് വേണ്ടി ക്യാമ്പയിനുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ തന്നെ മറുകൈ കൊണ്ട് അവ നശിപ്പിക്കുകയാണ്. പിശാച് വേദമോതുന്നതിന് ഉത്തമ നിദര്‍ശനമാണിത്.’ ജയലളിത പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ വടക്കന്‍ ജില്ലകളിലെ ദേശീയ, സംസ്ഥാന പാതകളില്‍ ബസ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here