ഷാര്‍ജയിലെ അല്‍ മനക് ഉദ്യാനം തുറന്നു

Posted on: May 13, 2013 8:17 pm | Last updated: May 13, 2013 at 8:17 pm
SHARE

al manacഷാര്‍ജ:ഇന്ത്യന്‍ അസോസിയേഷന് സമീപത്തുള്ള അല്‍ മനക് ഉദ്യാനം തുറന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകര്‍ക്കായി ഉദ്യാനം തുറന്നു കൊടുത്തത്. ഉദ്യാനത്തിനു ചുറ്റും നടപ്പാതയും വിശാലമായ വാഹന പാര്‍ക്കിംഗും പണിതിട്ടുണ്ട്.

കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ ഉദ്യാനത്തിനു പുറത്ത് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍ ലോക്ക് പാകി മനോഹരമായാണ് നിര്‍മിച്ചത്. നവീകരണത്തിനായി ഏതാനും മാസം മുമ്പ് ഉദ്യാനം അടച്ചിട്ടിരുന്നു.
ഉദ്യാനത്തിനകത്ത് വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളും, ഫുട്‌ബോള്‍ മൈതാനവും പണിതിട്ടുണ്ട്. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാനുള്ള സംവിധാനവും ഉണ്ട്. എമിറേറ്റിലെ പഴയ ഉദ്യാനങ്ങളിലൊന്നാണ് അല്‍ മനക് പാര്‍ക്ക്. നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണിത്. കാടുപിടിച്ചു കിടന്നിരുന്നതിനാല്‍ സന്ദര്‍ശകര്‍ തിരിഞ്ഞു നേക്കിയിരുന്നില്ല. നടപ്പാതയായാണ് ഉപയോഗിച്ചിരുന്നത്. ഈ ഭാഗത്ത് കൂടി ആളുകള്‍ നടന്നു പോകാന്‍ പോലും ഭയപ്പെട്ടിരുന്നു. ഉദ്യാനത്തിനു ചുറ്റും ജനവാസ കേന്ദ്രമാണ്.
അതു കൊണ്ടു തന്നെ ഉദ്യാനത്തിന്റെ അഭാവം താമസക്കാരെ വിഷമിപ്പിച്ചിരുന്നു. സമീപത്തൊന്നും ഉദ്യാനങ്ങളില്ല. വളരെ അകലെയാണ് മുസല്ല പാര്‍ക്ക്. എന്നാല്‍ ഇതൊരു ഉദ്യാനമല്ല. ആളുകള്‍ക്ക് സന്ധ്യാ സമയങ്ങളിലും അവധദി ദിനങ്ങളിലും ഒത്തു കൂടാനുള്ള ഒരു സ്ഥലം മാത്രമാണിത്. ഏതാനും ഇരിപ്പിടങ്ങള്‍ മാത്രമാണ് ഈ പാര്‍ക്കിലുള്ളത്.
കിടക്കാനിടമില്ലാത്തവരും തൊഴില്‍ രഹിതരുമായവരും അന്തിയുറങ്ങുന്നത് ഈ പാര്‍ക്കിലാണ്. മാത്രമല്ല പലതരം കച്ചവടങ്ങളുടേയും കേന്ദ്രമാണ്. ഈ സാഹചര്യത്തില്‍ പുതുതായി തുറന്ന ഉദ്യാനം ആളുകള്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് ഉദ്യാനത്തിലെത്തുന്നത്.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഉദ്യാനങ്ങളുടെ നിര്‍മാണം നടന്നു വരികയാണ്. മദാമില്‍ ഉദ്യാന നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അല്‍ താവൂന്‍ മേഖലയിലും ഉദ്യാനം നിര്‍മിക്കാനുള്ള നീക്കത്തിലാണെന്നറിയുന്നു. എമിറേറ്റിന്റെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നാണ് അല്‍ താവൂന്‍ മേഖല.

LEAVE A REPLY

Please enter your comment!
Please enter your name here