വാട്‌സണ്‍ വെടിക്കെട്ടില്‍ ചെന്നൈ വീണു

Posted on: May 13, 2013 12:23 pm | Last updated: May 13, 2013 at 12:27 pm
SHARE

watsonജയ്പൂര്‍: ഷെയ്ന്‍ വാട്‌സന്‍ തകര്‍ത്താടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 142 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 17 പന്ത് ബാക്കിനില്‍ക്കേ വിജയ റണ്‍ കുറിച്ചു. ഈ ജയത്തോടെ ഇരുപത് പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി.
തുടക്കത്തിലേറ്റ വന്‍ തകര്‍ച്ചയെ വകവെക്കാതെ 34 പന്തില്‍ ആറ് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 70 റണ്‍സ് അടിച്ചുകൂട്ടിയ വാട്‌സണ്‍ ചെന്നൈ ബൗളര്‍മാരെ നിഷ്പ്രഭരാക്കി. മൂന്ന് സിക്‌സും രണ്ടും ഫോറുമടക്കം 23 പന്തില്‍ 41 റണ്‍സ് നേടി സ്റ്റുവര്‍ട്ട് ബിന്നി പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ (ഒമ്പത്), ജയിംസ് ഫോക്‌നര്‍ (ഒന്ന്), സഞ്ജു സാംസണ്‍ (0), രാഹുല്‍ ദ്രാവിഡ് (22) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ തോല്‍വി മുന്നില്‍ക്കണ്ട രാജസ്ഥാന്‍ വാട്‌സണിലൂടെ ഉയിര്‍ത്തെണീക്കുകയായിരുന്നു.
45 പന്തില്‍ 93 റണ്‍സാണ് വാട്‌സണ്‍- ബിന്നി സഖ്യം അടിച്ചുകൂട്ടിയത്. വാട്‌സനാണ് മാന്‍ ഓഫ് ദ മാച്ച്. ചെന്നൈക്ക് വേണ്ടി ജാസണ്‍ ഹോള്‍ഡര്‍ രണ്ടും ശര്‍മ, ബ്രാവോ, മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് മുരളി വിജയ് (55), മൈക്ക് ഹസി (40) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സ് നേടി.
എന്നാല്‍, മധ്യനിരയില്‍ സുരേഷ് റെയ്‌ന (1), എം എസ് ധോണി (2) എന്നിവര്‍ പെട്ടന്ന് പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. കെവിണ്‍ കൂപ്പറാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. ഡെയ്ന്‍ ബ്രാവോ പതിനൊന്ന് പന്തില്‍ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റോയല്‍സിന് വേണ്ടി കെവണ്‍ കൂപ്പര്‍ രണ്ടും ബിന്നി ഒരു വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here