Connect with us

Kerala

ലാഭകരമല്ലാത്ത സ്‌കൂളുകള്‍ ഏകാധ്യാപക വിദ്യാലയങ്ങളാകുമെന്ന് ആശങ്ക

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥി-അധ്യാപക അനുപാതം മാറുന്നത് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കും. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാകുന്നതോടെ ലാഭകരമല്ലാത്ത സ്‌കൂളുകള്‍ ഏകാധ്യാപക വിദ്യാലയങ്ങളായി മാറുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. അധ്യാപക പാക്കേജ് അട്ടിമറിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവെന്ന് ആരോപിച്ച് അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

അധ്യാപക നിയമനം ക്ലാസ്സ് അടിസ്ഥാനത്തിലായിരുന്നത് സ്‌കൂള്‍ അടിസ്ഥാനത്തിലാക്കിയിരിക്കുകയാണ്. ഏതെങ്കിലും ക്ലാസ്സില്‍ കുട്ടികള്‍ കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് നിയമനം എന്നതിന് പകരം ആകെ കുട്ടികളുടെ എണ്ണം കണക്കാക്കുമെന്നാണ് ഉത്തരവിലുള്ളത്. അധ്യാപക, വിദ്യാര്‍ഥി അനുപാതം മാറ്റുന്നതോടെ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന 3,400 വിദ്യാലയങ്ങള്‍ ഏക അധ്യാപക വിദ്യാലയങ്ങളായി മാറും.
ലാഭകരമല്ലാത്ത സ്‌കൂളുകളിലൊന്നും പുതിയ നിയമനം നടത്താന്‍ ഉത്തരവ് അനുസരിച്ച് സാധിക്കില്ല. ഇത് ലാഭകരമല്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിലേക്ക് കാര്യങ്ങളെത്തുമെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്. ഡിവിഷനുകളെ അടിസ്ഥാനമാക്കി അധ്യാപക, വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്നതിനു പകരം സ്‌കൂളിലെ ആകെ വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നത് അധ്യാപക പാക്കേജ് അട്ടിമറിക്കുന്നതിനാണെന്നാണ് മറ്റൊരു ആരോപണം.
സംസ്ഥാനത്ത് എല്‍ പി സ്‌കൂളുകളില്‍ 26:1, ഹൈസ്‌കൂളുകളില്‍ 22:1 എന്നതാണ് അധ്യാപക, വിദ്യാര്‍ഥി അനുപാതം. പുതിയ ഉത്തരവ് അനുസരിച്ച് 30:1, 35:1 എന്ന നിലയിലേക്ക് ഇത് മാറും. അനുപാതം മാറുന്നതോടെ, ഭാവിയില്‍ അധ്യാപക തസ്തികകള്‍ വന്‍ േതാതില്‍ കുറയാനും ഇത് ഇടയാക്കും. 50 കുട്ടികള്‍ പഠിക്കുന്ന ഒരു എല്‍ പി സ്‌കൂളില്‍ ഇപ്പോള്‍ കുറഞ്ഞത് നാല് അധ്യാപകരെങ്കിലും ഉണ്ടാകും. പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഇത് രണ്ടായി ചുരുങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
9, 10 ക്ലാസുകളില്‍ ഇപ്പോഴുള്ള അനുപാതം തുടരുമെന്നാണ് ഉത്തരവിലുള്ളത്. 1: 45 ആണ് ഇപ്പോഴത്തെ അധ്യാപക-വിദ്യാര്‍ഥി അനുപാതം. സ്‌കൂളുകളുടെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ എഴ് വരെയുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന സ്‌കൂളുകള്‍ യു പി സ്‌കൂളുകളായി അറിയപ്പെട്ടിരുന്നത് ഇനി മുതല്‍ “ലോവര്‍ ആന്‍ഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍” എന്നറിയപ്പെടും.
എട്ടാം ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ എന്നറിയപ്പെട്ടിരുന്നത് “അപ്പര്‍ പ്രൈമറി ആന്‍ഡ് ഹൈസ്‌കൂള്‍” എന്നാക്കി. അഞ്ചാം ക്ലാസ് എല്‍ പിയുടെയും എട്ടാം ക്ലാസ് യു പിയുടെയും ഭാഗമാക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം കേരളത്തില്‍ അപ്രായോഗികമാണെന്ന നിലപാടിനെത്തുടര്‍ന്നാണ് ഘടന മാറ്റാതെ പേര് മാറ്റിയത്.

Latest