Connect with us

Kerala

വീണ്ടും കുതിച്ച് അരി വില

Published

|

Last Updated

തിരുവനന്തപുരം: അരി വില കുതിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട അരിക്ക് കിലോക്ക് അഞ്ച് മുതല്‍ പത്ത് വരെ രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. മലയാളികള്‍ സാധാരണയായി ഉപയോഗിക്കുന്ന ഇനങ്ങളില്‍പ്പെട്ട അരിക്ക് കിലോക്ക് മൊത്തവിപണിയില്‍ 40 രൂപയും ചില്ലറ വിപണിയില്‍ 42 രൂപയും കടന്നു.

മലയാളിയുടെ ഇഷ്ട ഇനമായ വടിമട്ട അരിക്ക് മൊത്ത വിപണിയില്‍ 42 രൂപയാണ് വില. ചില്ലറ വിപണിയില്‍ നാല്‍പ്പത്തിയഞ്ച് രൂപവരെയാകും. 38-40 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്ന വില. മാസങ്ങള്‍ക്ക് മുമ്പ് അരി വില വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളൊന്നും ഫലപ്രദമായില്ലെന്നാണ് പെട്ടെന്നുണ്ടായ വില വര്‍ധനവ് തെളിയിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഇത് 36 രൂപയായിരുന്നു. സാധാരണ മട്ട അരിക്ക് വില 40 മുതല്‍ 42 വരെ രൂപയാണ്.
ഒരാഴ്ചക്കുള്ളില്‍ രണ്ട് രൂപയാണ് വര്‍ധിച്ചത്. പ്രധാന ഇനങ്ങളായ ജയ, സുലേഖ, ഉരുട്ട് മട്ട, പൊന്നി എന്നിവയുടെയും വില കുതിക്കുകയാണ്. ഏതാനും ദിവസത്തിനുള്ളില്‍ ഇവയുടെ വില വര്‍ധന മൂന്ന് മുതല്‍ അഞ്ച് രൂപവരെയാണ്. അയല്‍ സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്കെത്തിക്കുന്ന അരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വില വര്‍ധനക്ക് കാരണമായിട്ടുണ്ട്.
ആന്ധ്രയിലെ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എത്തിക്കുന്ന അരിയുടെ അളവ് കുറച്ചത്. ഈ മൂന്ന് മാസങ്ങളിലുണ്ടായ അരിയുടെ ദൗര്‍ലഭ്യവും ഇപ്പോഴുള്ള വില വര്‍ധനക്ക് കാരണമാണ്. അതേ സമയം കേരളത്തിനൊപ്പം അയല്‍ സംസ്ഥാനങ്ങളിലെ വരള്‍ച്ചയും പ്രധാന കാരണമായി കാണേണ്ടതുണ്ട്. ആന്ധ്ര പ്രദേശില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന ജയ, സുരേഖ ഇനം അരികളുടെ വിലയാണ് ഏറ്റവുമധികം വര്‍ധിച്ചത്.
സുരേഖ അരിയുടെ പ്രധാന വിതരണക്കാരായ ആര്‍ ആര്‍, ബെല്‍ ബ്രാന്‍ഡ്‌സ് എന്നിവ തലസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ചാല കമ്പോളത്തില്‍ ഏറെ നാളുകളായി അരി എത്തിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൂന്ന് മാസത്തിനിടെ സുരേഖ അരിയുടെ വിലയില്‍ 21 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്.
ജയ അരിക്ക് ആറ് മുതല്‍ എട്ട് വരെ രൂപ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 32-34 രൂപയായിരുന്നു നേരത്തെയുള്ള വില. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന ചെങ്കല്‍പ്പട്ട അരിക്ക് ഒരു കിലോക്ക് നാല് രൂപ വര്‍ധിച്ചിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന പച്ചരിയുടെ വിലയിലും നാല് രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
22 രൂപയാണ് പച്ചരി കിലോ വില. വില നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല എന്നാണ് അരി വിപണിയിലെ പ്രമുഖ വിതരണക്കാര്‍ പറയുന്നത്. അരിയുടെ വിതരണം കുറയുന്നതാണ് വില വര്‍ധനക്ക് ഇടയാക്കുന്നത്. വില വര്‍ധനവ് മുന്‍കൂട്ടി മനസ്സിലാക്കി കൂടുതല്‍ അരി സംഭരിച്ചുവെച്ച് വിലക്കയറ്റത്തെ നേരിടുക മാത്രമാണ് പോംവഴി. അധികമായി അരി സംഭരിച്ചു വെക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിതരണക്കാര്‍ക്കില്ല. അതേ സമയം കേരളത്തിലെ നെല്‍വയലുകളുടെ വിസ്തീര്‍ണം നേരത്തെ ആറ് ലക്ഷം ഹെക്ടറായിരുന്നത് രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങിയിട്ടുണ്ട്. കേരളീയര്‍ നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതാണ് വില വര്‍ധനവിന്റെ മറ്റൊരു കാരണം.

Latest