Connect with us

National

ശാരദാ ചിട്ടി കമ്പനി ഉടമകളില്‍ നിന്ന് 750 കോടിയുടെ സ്വത്ത് കണ്ടെടുത്തു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ശാരദാ ചിട്ടി കമ്പനിയുടെ ഉടമകളില്‍ നിന്ന് 750 കോടി രൂപയുടെ സ്വത്ത് പോലീസ് കണ്ടെടുത്തു. ചിട്ടി കമ്പനിയുടെ പ്രൊമോട്ടര്‍ സുദിപ്താ സെന്നിനെയും അദ്ദേഹത്തിന്റെ സഹായിയെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. പണം കൊണ്ടുപോകാന്‍ കമ്പനി ഉപയോഗിച്ചിരുന്ന ചുവന്ന ലൈറ്റ് പിടിപ്പിച്ചിരുന്ന ആറ് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ശാരദാ ഗ്രൂപ്പിന്റെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തുനിന്നാണ് ഇരുചക്ര വാഹനങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ 750 കോടിയുടെ സമ്പത്ത് സെന്നില്‍ നിന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അര്‍ണബ് ഘോഷ് വ്യക്തമാക്കി.
അതേസമയം, തങ്ങളെ വഞ്ചിച്ചു എന്നുകാണിച്ച് ചില നിക്ഷേപകര്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട് ജോയ് നഗര്‍ പോലീസ് സെന്നിനെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ദേബാജനി മുഖര്‍ജിയെയും ചോദ്യം ചെയ്തു. പണം എവിടെയാണ് ഒളിപ്പിച്ചുവെച്ചതെന്നും ഇതെങ്ങനെ കണ്ടെത്താമെന്നും പണം കൈകാര്യം ചെയ്യുന്ന ജോലിക്കാര്‍ ആരൊക്കെയാണെന്നുമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
ചില അനധികൃത സൗകര്യങ്ങള്‍ സെന്നിന് അനുവദിച്ചുനല്‍കിയെന്ന കേസില്‍ റിസര്‍വ് ബേങ്ക് മുന്‍ ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. സെന്നിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ആദായി നികുതി വകുപ്പ്, ബേങ്കുകള്‍, സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ എന്നിവയിലെ ഏതാനും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതായി പോലീസ് പറഞ്ഞു. സിംലയില്‍ സെന്നിന്റെ ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ ഭൂമിയെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ശാരദാ ചിട്ടി കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സെന്നിനെയും മുഖര്‍ജിയെയും കഴിഞ്ഞ മാസം 23ന് ജമ്മുകാശ്മീരിലെ സോനമഢില്‍ നിന്നാണ് പോലീസ് പിടികൂടിയിരുന്നത്. ശാരദാ ചിട്ടി കമ്പനി ഉള്‍പ്പെടെയുള്ളവയില്‍ പണം നിക്ഷേപിച്ച നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഇത്തരം ചിട്ടി കമ്പനികള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങളും അരങ്ങേറുന്നുണ്ട്. ഹൂഗ്ലി ജില്ലയിലെ പണ്ഡഭേശ്വറില്‍ കഴിഞ്ഞ ശനിയാഴ്ച ഒരു ചിട്ടി കമ്പനിക്ക് നേരെ നിക്ഷേപകര്‍ അക്രമം നടത്തിയിരുന്നു.