Connect with us

National

ജുവനൈല്‍ പ്രായപരിധി 16 ആക്കണമെന്ന് പാര്‍ലിമെന്ററി കമ്മിറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ വനിതകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജുവനൈല്‍ പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറക്കണമെന്ന് പാര്‍ലിമെന്ററി കമ്മിറ്റി ശിപാര്‍ശ ചെയ്തു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ 18 എന്ന പരിധി കൂടുതലാണെന്നും അത് 16 ആയി കുറക്കണമെന്നുമാണ് സ്ത്രീ ശാക്തീകരണത്തിനായുള്ള പാര്‍ലിമെന്ററി സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ ശേഖരിച്ച കണക്കുകള്‍ പരിഗണിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ കൂടിവരുന്നതായി ബോധ്യപ്പെടുമെന്ന് സമിതി വ്യക്തമാക്കി.
2010ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷിക്കാവുന്ന 22,740 കുറ്റകൃത്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തിയെന്ന് ലൈംഗിക ഇരകളെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പാര്‍ലിമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നു. 2011ല്‍ ഇത് 25,125 ആയി വര്‍ധിച്ചു. 2010ല്‍ മൈനര്‍മാര്‍ 858 ബലാത്സംഗ കേസുകളില്‍ പ്രതികളായി. 2011ല്‍ ഇത് 1149 ആയി ഉയര്‍ന്നു.
ഇത്തരത്തില്‍ പ്രതികളായവരുടെ പ്രായവും മറ്റും പാര്‍ലിമെന്ററി സമിതി വിശദമായി വിശകലനം ചെയ്തു. ഇവരിലേറെയും 16 -18 വയസ്സുള്ള ആണ്‍കുട്ടികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനസിക സമ്മര്‍ദങ്ങള്‍, ഒറ്റപ്പെടല്‍, കുടംബങ്ങളിലെ ശൈഥില്യം, ധൂര്‍ത്ത് നിറഞ്ഞ ജീവിത ശൈലി, രക്ഷിതാക്കളുടെ നിയന്ത്രണമില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് ഇവര്‍ കുറ്റവാളികളാകുന്നത്.
കഴിഞ്ഞ ഡിസംബര്‍ 16ന് നടന്ന ഡല്‍ഹി ബലാത്സംഗ കേസില്‍ പ്രതിയായ കൗമാരക്കാരന് 18 വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് മാത്രം പ്രതി ജുവൈനല്‍ നിയമത്തിന്റെ പരിധിയില്‍ വന്നു. ഈ സാഹചര്യം പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
2000ത്തിലാണ് ജുവൈനല്‍ പ്രായപരിധി 18 ആക്കി നിയമം ഭേദഗതി ചെയ്തത്.

---- facebook comment plugin here -----

Latest