ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാക്കാന്‍ വഴിതേടി സര്‍ക്കാര്‍

Posted on: May 13, 2013 7:33 am | Last updated: May 13, 2013 at 11:12 am
SHARE

ന്യൂഡല്‍ഹി: സുപ്രധാന ഭരണ മുന്നേറ്റങ്ങളിലൊന്നായി പ്രഖ്യാപിച്ച ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാക്കാന്‍ വഴിതേടുകയാണ് യു പി എ സര്‍ക്കാര്‍. ഇതിനായി രണ്ട് മാര്‍ഗമാണ് യു പി എ കാണുന്നത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക, അല്ലെങ്കില്‍ ബില്‍ പാസ്സാക്കാന്‍ പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിക്കുക എന്നിവയാണവ. ഇതിന് രണ്ടിനും കഴിഞ്ഞില്ലെങ്കില്‍, ബില്ലിലെ സുപ്രധാന നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഭക്ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു.
ലോകത്തെ തന്നെ ബൃഹത്തായ സാമൂഹിക ക്ഷേമ പദ്ധതിയായാണ് ഭക്ഷ്യ സുരക്ഷാ ബില്ലിനെ സര്‍ക്കാര്‍ പരിചയപ്പെടുത്തുന്നത്. ജനസംഖ്യയിലെ 67 ശതമാനം പേര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ രൂപ നിരക്കില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം അവകാശമാക്കുന്നതാണ് ബില്‍. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും പ്രതിപക്ഷ ബഹളം കാരണം പാര്‍ലിമെന്റ് തടസ്സപ്പെടുകയായിരുന്നു. 2011 ഡിസംബറില്‍ ബില്ലിനെ സഭയില്‍ പരിചയപ്പെടുത്തിയിരുന്നു.
‘പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിക്കുക, ഓര്‍ഡിനന്‍സ് ഇറക്കുക, എക്‌സിക്യൂട്ടീവ് ഉത്തരവ് എന്നീ മാര്‍ഗങ്ങളാണുള്ളത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും.’ കെ വി തോമസ് പറഞ്ഞു. ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളില്‍മേലുള്ള നിയമപരമായ അവകാശം ലഭിക്കാന്‍ ഓര്‍ഡിനന്‍സോ എക്‌സിക്യൂട്ടീവ് ഓര്‍ഡറോ പോരേയെന്ന ചോദ്യത്തിന്, ഇക്കാര്യം പരിശോധിക്കാന്‍ വകുപ്പിനോട് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് തോമസ് പറഞ്ഞു. ബില്ലിലെ സുപ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് തയ്യാറായിക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തെഴുതും. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ, അഞ്ച് കിലോ ഭക്ഷ്യധാന്യം ഒരുപോലെ വിതരണം ചെയ്യാനും, മാതൃത്വ സംരക്ഷണം പോലുള്ള നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താനും സാധിക്കുമെന്ന് തോമസ് ചൂണ്ടിക്കാട്ടി.
ഭക്ഷ്യ സുരക്ഷാ ബില്ലും ഭൂമിയേറ്റെടുക്കല്‍ ബില്ലും ഉയര്‍ത്തിയാകും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പ്രതിപക്ഷത്തിന്റെ അഴിമതി, ഭരണ കെടുകാര്യസ്ഥത തുടങ്ങിയ ആരോപണങ്ങളെ നേരിടുക. ഏതു നിമിഷവും തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഇത്ര തിടുക്കമെന്ന് വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here