ഇ-ഡിസ്ട്രിക്ട് പദ്ധതി; ജനങ്ങള്‍ ദുരിതത്തിലാകുന്നു

Posted on: May 13, 2013 10:10 am | Last updated: May 13, 2013 at 10:10 am
SHARE

മലപ്പുറം: സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതി ജനങ്ങള്‍ക്കും ഉദ്യോഗസഥര്‍ക്കും ഒരു പോലെ ദുരിതമാകുന്നു.

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ സമയം പാഴാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇ ഡിസ്ട്രിക്ട് പദ്ധതി ആരംഭിച്ചത്. നേരത്തെ വില്ലേജ് ഓഫീസുകളില്‍ നിന്ന് അപേക്ഷിച്ചാലുടന്‍ തന്നെ ലഭിക്കുമായിരുന്ന നേറ്റിവിറ്റി, വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ലഭിക്കുന്നത്. പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് ഏറ്റവും അടുത്തുള്ള അക്ഷയ സെന്ററുകളില്‍ വിവരം നല്‍കി രജിസ്‌ട്രേഷന്‍ നടത്താം.
എന്നാല്‍ ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങളുടെ കുറവ് അപേക്ഷകര്‍ക്ക് ദുരിതമാകുന്നുണ്ട്. വില്ലേജ് പരിധിയില്‍ അക്ഷയ കേന്ദ്രങ്ങളില്ലാത്തത് കാരണം അപേക്ഷ സമര്‍പ്പിക്കാനായി പഞ്ചായത്ത് പരിധിയിലെ അക്ഷയ സെന്ററുകളെ ആശ്രയിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനായി നേരത്തെ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 രൂപയാണ് അക്ഷയ സെന്ററുകളിലെ സര്‍വീസ് ചാര്‍ജ്.
ഒരു പ്രാവശ്യം മാത്രം രേഖകള്‍ സ്‌കാന്‍ ചെയ്തു നല്‍കിയാല്‍ മതി. പിന്നീട് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ആജീവനാന്തം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകള്‍ സ്‌കാന്‍ ചെയ്താണ് നല്‍കേണ്ടത്. പദ്ധതി പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷ ഫീസ് ഒടുക്കണം.
നേരത്തെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നു. നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളും, വൈദ്യുതി മുടക്കവും കാരണം ഉടന്‍ ലഭ്യമാക്കേണ്ട വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഏറെ വൈകി ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ദുരിതത്തിലാകുകയാണ്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തത് കാരണം ഒന്നിലധികം വില്ലേജ് ഓഫീസുകളുടെ ചുമതലകള്‍ വഹിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷന് ലഭിക്കുമ്പോള്‍ രണ്ടാഴ്ച്ചയിലധികം സമയമെടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകളില്‍ മൂന്ന് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇതോടെ പാഴ്‌വാക്കാകുകയാണ്.