പി കരുണാകരന്‍ റിപ്പോര്‍ട്ട് വി എസിന് നല്‍കണം: പി ബി

Posted on: May 13, 2013 8:44 am | Last updated: May 13, 2013 at 4:24 pm
SHARE

vs 2ന്യൂഡല്‍ഹി:പി കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വി എസിന് നല്‍കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. പി കരുണാകരന്‍ കമ്മീഷനെ വി എസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കമ്മീഷന്‍ തന്റെ മൊഴി എടുത്തിട്ടില്ലെന്നും വി എസ് ആരോപിച്ചിരുന്നു. ആവര്‍ത്തിച്ചിട്ട് ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് തനിക്ക് നല്‍കിയിരുന്നില്ല എന്ന് വി എസ് പി ബിയുടെ മുന്നില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി കമ്മിറ്റികളിലെ വാര്‍ത്ത ചോരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് പി ബി വിലയിരുത്തി.

അതേ സമയം സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള വി എസ് അച്യുതാനന്ദന്റെ പരാതി പരിശോധിക്കാന്‍ സി പി എം ആറംഗ കമ്മീഷന്‍ രൂപീകരിച്ചു. സി സിയാണ് കമ്മീഷനെ നിയമിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, എ കെ പത്മനാഭന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. സമിതിയിലെ മറ്റംഗങ്ങളെ ഉടന്‍ തീരുമാനിക്കും. ആന്ധ്രയില്‍ നിന്ന് ബി വി രാഘവലുവിനെയും ബംഗാളില്‍ നിന്ന് ഒരു അംഗത്തിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും. പി കരുണാകരന്‍ സമിതിയുടെ റിപ്പോര്‍ട്ടും കമ്മീഷന്‍ പരിശോധിക്കും. സമിതി അംഗങ്ങള്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കും. വി എസ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ സമിതി പരിശോധിക്കും.

വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കിയത് സംസ്ഥാന നേതൃത്വത്തിന് നേട്ടമാണെങ്കിലും വി എസിന്റെ പരാതി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് പാര്‍ട്ടിയുടെ അഖിലേന്ത്യാ തലത്തില്‍ വി എസിന്റെ സ്വാധീനമാണ് കാണിക്കുന്നത്.

അതേ സമയം പാര്‍ട്ടി തനിക്കും തന്റെ പേഴ്‌സണല്‍ സ്റ്റാഫിനും എതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട് പറയുമെന്ന് വി എസ് അച്യുതാനന്ദന്‍. കേരളാ ഹൗസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോവുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി എസ്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിന് വി എസ് തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here