പ്രതീക്ഷയോടെ നവാസ് ശരീഫ്

Posted on: May 13, 2013 8:13 am | Last updated: May 13, 2013 at 8:13 am
SHARE

siraj copyപാകിസ്ഥാനും അവിടുത്തെ ജനാധിപത്യ സംസ്ഥാപനത്തിനും പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചു കൊണ്ട് നവാസ് ശരീഫിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്(എന്‍ ) അധികാരത്തിലേക്ക്. ദേശീയ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നയിക്കുന്ന പി എം എല്‍- എന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 272 അംഗ പാര്‍ലിമെന്റില്‍ 130 സീറ്റുകളില്‍ ശരീഫിന്റെ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ രൂപവത്കരണ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബ് സിംഹം എന്ന വിശേഷിക്കപ്പെടുന്ന 63 കാരനായ നവാസ് ശരീഫ് 1999ലെ സൈനിക അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ട ശേഷം ജയിലിലടക്കപ്പെട്ട് ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിലൂടെ പാകപ്പെട്ട മനസ്സും നിശ്ചയദാര്‍ഢ്യവുമായാണ് സ്വന്തം ജനതയെ നയിക്കാനെത്തുന്നത്. ഒരു വ്യാഴവട്ടത്തിന് ശേഷം പ്രധാനമന്ത്രി പദവിയിലെത്തുന്ന ശരീഫിന് കലുഷിതവും സാമ്പത്തിക അരക്ഷിതാവസ്ഥയും തീവ്രവാദവും വെല്ലുവിളിയുയര്‍ത്തുന്നതുമായ രാജ്യത്തെ കരുത്തുറ്റ, ജനാധിപത്യ ശക്തിയായി വളര്‍ത്തിക്കൊണ്ടുവരിക ശ്രമകരമായ ദൗത്യമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കെടുകാര്യസ്ഥത, വളര്‍ച്ചാ മാന്ദ്യം , ഉയര്‍ന്ന പണപ്പെരുക്ക നിരക്ക്, തൊഴില്‍രഹിതരുടെ പെരുപ്പം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ കൈപിടിച്ചുയര്‍ത്തുകയും സാമ്പത്തികഭദ്രവും സുശക്തവുമായ നവ പാകിസ്ഥാന് ശിലയിടുകയും മാത്രമല്ല, അയല്‍രാജ്യമായ ഇന്ത്യയുമായുള്ള സൗഹൃദ പുന:സ്ഥാപനവും പാക് മുസ്‌ലിം ലീഗ് നേതാവിന് കടുത്ത വെല്ലുവിളിയായിരിക്കും. ജീവിത നിലവാരം, ആരോഗ്യം, വിദ്യാഭ്യാസം, എന്നിവ താരതമ്യം ചെയ്തു കൊണ്ടുള്ള ഐക്യ രാഷ്ട്രസഭയുടെ മാനുഷിക വിഭവശേഷി സൂചികയില്‍ 186 രാഷ്ട്രങ്ങള്‍ക്കിടയില്‍ 146ാം സ്ഥാനത്താണ് പാകിസ്ഥാനെന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക പരാധീനതകളുടെ ചുവരെഴുത്താണ്. ഈ സാഹചര്യങ്ങളെല്ലാം മുന്നില്‍ കണ്ടു തന്നെയാണ് വോട്ടര്‍മാര്‍ക്ക് പുതു പ്രതീക്ഷകള്‍ സമ്മാനിച്ച് സാമ്പത്തിക കരുത്തുള്ള, സുശക്തമായ പാകിസ്ഥാന്‍ എന്ന സന്ദേശം തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചരിപ്പിച്ചത്. ജനങ്ങള്‍ ഇതേററുപിടിച്ചുവെന്നു മാത്രമല്ല, നവാസ് ശരീഫില്‍ മാറ്റത്തിന്റെ നായകനെയും അവര്‍ കണ്ടു.
66 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പകുതിയിലേറെ കാലം സൈന്യത്തിന്റെ അധീനതയിലായ ഒരു രാജ്യത്ത് സേനയുടെ പ്രാധാന്യം വില കുറച്ചു കാണുന്ന സമീപനം ഈ പഞ്ചാബീ നേതാവില്‍ നിന്നുണ്ടാകാനിടയില്ല . പ്രത്യേകിച്ച് 1999ല്‍ പര്‍വേസ് മുശര്‍റഫ് എന്ന സൈന്യാധിപന്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിച്ച രാഷ്ട്രീയ സാഹചര്യം വിസ്മരിക്കാത്ത കാലത്തോളം. വിദേശ നയം, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ നയം രൂപവത്കരിക്കുമ്പോള്‍ സൈന്യത്തെ കൂടി മുഖവിലക്കെടുക്കേണ്ടതായി വരും. സിവിലിയന്‍ ഭരണകൂടത്തിനും സൈന്യത്തില്‍ ഒരുമിച്ചു മുന്നോട്ടു പോകാനാകില്ലെന്ന സങ്കല്പ്പം പൊളിച്ചെഴുതാനായിരിക്കും ശ്രമമെന്ന് ശരീഫ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
എന്നും പ്രായോഗികമായി ചിന്തിക്കുന്ന , ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതായിരുന്നു ശരീഫിന്റെ ഭരണകാലം. 1998ല്‍ പൊക്രാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഛഗായിയില്‍ ആണവ സ്‌ഫോടനം നടത്തിയ ശരീഫ് അടുത്ത നീക്കത്തില്‍ അടല്‍ ബിഹാരി വാജ്പയിയുമായി സൗഹൃദത്തിന്റെ പാലം പണിയാനാണ് ശ്രമിച്ചത്. പാകിസ്ഥാനില്‍ ജനാധിപത്യം സുശക്തമായി വാഴണം എന്നാഗ്രഹിക്കുന്ന ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ മുന്‍നിരയിലാണിദ്ദേഹം. ആടിയുലഞ്ഞ പി പി പി സര്‍ക്കാരിനെ കഴിഞ്ഞ അഞ്ച് വര്‍ഷവും അധികാരത്തില്‍ തുടരാനനുവദിച്ചത് ഇതുകൊണ്ട് മാത്രമായിരുന്നു.
അധികാരഭ്രഷ്ടനാകുന്നതിന്റെ തൊട്ടുമുമ്പ് തുടക്കം കുറിച്ച ഇന്ത്യാ- പാക് ബന്ധം സുശക്തമായി മുന്നോട്ട് കൊണ്ടുപോവുന്നതിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കാശ്മീര്‍ ചര്‍ച്ചക്ക് വഴി തുറക്കുമെന്ന ശരീഫിന്റെ പ്രഖ്യാപനവും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മന്‍മോഹന്റെ നിലപാടും പ്രതീക്ഷാജനകമാണ്.
ഇരുരാജ്യങ്ങളിലെയും ഓരോ തടവുകാര്‍ സഹതടവുകാരുടെ മര്‍ദനമേററ് ദാരുണമായി മരിച്ച സംഭവങ്ങള്‍ വരെ എത്തി നില്‍ക്കുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ തീവ്രവാദത്തോടും അതിര്‍ത്തി കടന്നുള്ള ഭീകരതയോടും അദ്ദേഹം സ്വീകരിക്കുന്ന സുശക്തമായ നയനിലപാടുകള്‍ ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനൊക്കെ പുറമെ സ്വന്തം രാജ്യത്ത് നിന്ന് തീവ്രവാദം പിഴുതെറിയാനും നിശ്ചദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ക്ക് തുടക്കമിടണം. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദവിരുദ്ധ പോരാട്ടത്തിന് പിന്തുണയുണ്ടാകില്ലെന്ന് പ്രചാരണ വേളയില്‍ അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. പാക് ഭരണകൂടത്തെയും കോടതിയെയും വിശ്വാസത്തിലെടുക്കാതെ അമേരിക്ക ഏകപക്ഷീയമായി നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടത് പാക് ജനതയുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാക് മണ്ണില്‍ ആക്രമണം നടത്തുമ്പോഴും സൈനിക സാന്നിധ്യം കുറിക്കുമ്പോഴും ഇസ്‌ലാമാബാദിനെ വിശ്വാസത്തിലെടുക്കണമെന്ന നിലപാട് അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കാനെങ്കിലും കഴിയണം. ജനാധിപത്യം ശക്തമാക്കാനും സമാധാന പുനഃസ്ഥാപനത്തിനും അയല്‍ രാജ്യങ്ങളുമായി സമാധാന സഹവര്‍ത്തിത്വത്തിനും പുതിയ ഭരണകൂടത്തിന് കഴിയണം; കഴിയട്ടെയെന്നാശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here