Connect with us

Gulf

വേണു രാജാമണിയുടെ പുസ്തകം അറബിയില്‍; ശൈഖ് മുഹമ്മദിന്റെ ആമുഖം

Published

|

Last Updated

ദുബൈ: ഇന്ത്യയുമായി സാംസ്‌കാരിക, വാണിജ്യ, ജീവകാരുണ്യ ബന്ധത്തിന് തുറന്ന പാത യു എ ഇ നിലനിര്‍ത്തുന്നുണ്ടെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ദുബൈ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും മലയാളിയുമായ വേണു രാജാമണി രചിച്ച ഇന്ത്യയും യു എ ഇയും: ഇതിഹാസ സൗഹാര്‍ദ ആഘോഷത്തില്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ അറബി പരിഭാഷയുടെ ആമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഈ സവിശേഷമായ പാതയിലൂടെ, മറ്റു രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാന്‍ കഴിയും. പൊതുതാല്‍പര്യം, പരസ്പര സഹകരണം, ക്രിയാത്മക സഹകരണം എന്നിവയുടെ അടിസ്ഥാനത്തിലാണത്. 1950 മുതല്‍ യു എ ഇ, വിശേഷിച്ച് ദുബൈ, ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു. സാമൂഹികവും വാണിജ്യപരവുമായ ബന്ധം പുഷ്പിച്ചു. ഇപ്പോള്‍ അത് ശക്തമായിട്ടുണ്ട്. ദുബൈയുടെ ഭൂമിശാസ്ത്രപരമായ സവിശേഷത അതിനൊരു കാരണമാണ്.

ഇരു രാജ്യങ്ങളിലെയും വ്യാപാരികള്‍ ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിച്ചു. ഇരു ജനതയുമായും സാമൂഹിക-സാംസ്‌കാരിക പാലം തീര്‍ത്തു. ഇന്ത്യയുമായാണ് യു എ ഇയുടെ ഏറ്റവും വലിയ വാണിജ്യ ബന്ധം എന്ന നിലയിലെത്തി. യു എ ഇയുടെ എണ്ണയിതര വാണിജ്യമേഖലയെ സമ്പന്നമാക്കി-ശൈഖ് മുഹമ്മദ് നിരീക്ഷിച്ചു.

യു എ ഇ സാംസ്‌കാരിക യുവജന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനും പഠനം എഴുതിയിട്ടുണ്ട്. 256 പേജുള്ള പുസ്തകത്തെ ശൈഖ് നഹ്‌യാന്‍ പ്രകീര്‍ത്തിച്ചു. യു എ ഇ ജനതക്കാണ് രാജാമണി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. വേണു രാജമാണി ഡല്‍ഹിയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ സ്റ്റാഫ് അംഗമാണിപ്പോള്‍.