‘സബര്‍മതിയിലേക്ക്’ മികച്ച നാടകം: ദി അയലന്റിനു രണ്ടാം സ്ഥാനം

Posted on: May 12, 2013 7:59 pm | Last updated: May 12, 2013 at 7:59 pm
SHARE

അബൂദാബി: അബൂദാബി മലയാളി സമാജം നടത്തിയ രണ്ടാമത് യുഎഇ അമേച്വര്‍ നാടക മത്സരത്തില്‍ അബൂദാബി ഗാന്ധി സാഹിത്യ വേദി അവതരിപ്പിച്ച ‘സബര്‍മതിയിലേക്ക്’ മികച്ച നാടകമായി തെരെഞ്ഞെടുക്കപ്പെട്ടു. ഈ നാടകം സംവിധാനം ചെയ്ത വിനോദ് പട്ടുവം ആണ് മികച്ച സംവിധായകന്‍. വാഗണ്‍ ട്രാജഡി, ജാലിയന്‍ വാലാബാഗ് തുടങ്ങിയ സ്വാതന്ത്ര്യ സമരത്തിലെ ഏടുകള്‍ കോര്‍ത്തിണക്കിയാണ് ‘സബര്‍മതിലേക്ക്’ അവതരിപ്പിച്ചത്. ബഷീര്‍ കെ എഴുതിയ ഈ നാടകത്തിലെ ചമയത്തിന് ക്ലിന്റ് പവിത്രന്‍ മികച്ച മേയ്ക്കപ്പ്മാനായും തെരഞ്ഞെടുക്കപ്പെട്ടു.

തിയറ്റര്‍ ദുബായ് ഇന്റര്‍ നാഷണല്‍ അവതരിപ്പിച്ച ‘ദി അയലന്റ്’ ആണ് മികച്ച രണ്ടാമത്തെ നാടകമായി തെരെഞ്ഞെടുക്കപ്പെട്ടത്. ഈ നാടകത്തിലെ ജയില്‍പ്പുള്ളിയായി അഭിനയിച്ച ഷാജഹാന്‍ ഏറ്റവും നല്ല നടനായും തെരെഞ്ഞെടുക്കപ്പെട്ടു. ഷാജഹാന്റെ കൂടെ സഹ തടവുകാരനായി അഭിനയിച്ച സഞ്ചീവ് സ്‌െപഷ്യല്‍ ജൂറി പുരസ്‌കാരത്തിനും അര്‍ഹനായി. ദീപ വിധാനത്തിനും രംഗ വിധാനത്തിനുമുള്ള പുരസ്‌കാരങ്ങളും ദി അയലന്റ് കരസ്ഥമാക്കി.

അബൂദാബി ‘നാടക സൗഹൃദം’ അവതരിപ്പിച്ച എന്‍ എന്‍ പിള്ളയുടെ ‘കുടുംബ യോഗം’ എന്ന നാടകത്തിലെ വൃദ്ധയുടെ വേഷം അവിസ്മരണീയമാക്കിയ അനന്ത ലക്ഷിമിയാണ് ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നാടകത്തിലെ വൃദ്ധന്റെ വേഷം അഭിനയിച്ച സജ്ജാദ് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടിയായി അബൂദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘പേഴ് സോണ’ നാടകത്തിലെ നായികാ വേഷം കൈകാര്യം ചെയ്ത സ്മിഷയും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര, സീരിയല്‍, നാടക രംഗത്തെ പ്രശസ്തരായ യവനിക ഗോപാലകൃഷണനും ഉഷ ഉദയനുമാണ് നാടകങ്ങളെ വിലയിരുത്തിയത്.

വിധി പ്രഖ്യാപനത്തിനിടയില്‍ നാടകത്തിന്റെ പേരുകള്‍ മാറിപ്പോയത് സമാജം ഓഡിറ്റോറിയത്തില്‍ അല്‍പ്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അബൂദാബി മലയാളി സമാജം പ്രസിഡണ്ട് മനോജ് പുഷകര്‍ അധ്യക്ഷനായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി സതീഷ്, വൈസ് പ്രിസിഡണ്ട് ഷിബു, ട്രഷറര്‍ അബൂബക്കര്‍ കലാ വിഭാഗം സെക്രട്ടറി റഫീഖ് എന്നിവര്‍ നാടകത്തിന് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here