Connect with us

Malappuram

കക്കാടംപുറം സ്‌കൂളിന് കെട്ടിടം സ്വപ്നം മാത്രം

Published

|

Last Updated

തിരൂരങ്ങാടി: സ്വന്തമായി സ്ഥലമുണ്ടായിട്ടും ഏആര്‍ നഗര്‍ കക്കാടംപുറം ജി യു പി സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ല. കക്കാടംപുറം അങ്ങാടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്‌സ്വന്തമായി കെട്ടിടം വേണമെന്നുള്ളത് ഏറെ പഴക്കമുള്ള ആവശ്യമാണ്.
അതിനിടെ സ്‌കൂള്‍ കെട്ടിടം കാലപ്പഴക്കം കാരണം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അറ്റക്കുറ്റപണി നടത്തുന്നതിനായി സ്ഥല ഉടമ നാല് കെട്ടിടങ്ങളില്‍ രണ്ടണത്തിന്റെ മേല്‍കൂരയില്‍ നിന്ന് ഓടുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ അറ്റക്കുറ്റപണി നടത്താന്‍ ഭീമമായ തുക വരുമെന്ന് കണ്ട് അറ്റക്കുറ്റപണി നടത്തിയില്ല. ഇത് കാരണം ഏറെക്കാലം മരച്ചുവട്ടിലും മറ്റുമാണ് ക്ലാസ് നടന്നിരുന്നത്. പിന്നീട് നാട്ടുകാര്‍ പിരിവെടുത്ത് ഒരു കെട്ടിടം അറ്റക്കുറ്റപണികള്‍ നടത്തുകയായിരുന്നു. സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ നാല് വര്‍ഷം മുമ്പ് പഞ്ചായത്ത് സമീപത്തെ ചിറക്കയത്ത് 33 സെന്റ്സ്ഥലവം വാങ്ങിയിരുന്നു.കഴിഞ്ഞ ആഗസ്റ്റ് 26ന് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെയും കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടില്ല. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം സ്‌കൂള്‍ ഇവിടേക്ക് മാറ്റുന്നതിനെതിരെ ഒരുവിഭാഗം രംഗത്തുണ്ട്. സ്‌കൂള്‍ നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലം വയലാണെന്നും ഈസ്ഥലം സ്‌കൂളിന് അനുയോജ്യമല്ലെന്നുമാണ് ഈ വിഭാഗം പറയുന്നത്.
ഈകാര്യത്തില്‍ ഗ്രാമ പഞ്ചായത്തും സ്‌കൂള്‍ പി ടി എ കമ്മിറ്റിയും രണ്ടുതട്ടിലാണ്. എന്നാല്‍ പുതുതായി വാങ്ങിയ സ്ഥലത്ത് സ്‌കൂളിന് കെട്ടിടം പണിയുന്നതില്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഒരുനീക്കവും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ ശോചനീയാവസ്ഥയും വിവാദങ്ങളും കാരണം സ്‌കൂളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. 1924ല്‍ തുടങ്ങിയ ഈസ്‌കൂളില്‍ 12ഡിവിഷനുകളിലായി 400 കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴ് ഡിവിഷനുകളിലായി 200ല്‍ താഴെ കുട്ടികളാണുള്ളത്. സ്‌കൂളിന് സ്വന്തമായി കെട്ടിടമെന്ന സ്വപ്‌നം ഈ അധ്യായന വര്‍ഷവും പൂവണിയുകയില്ല.

Latest