വി എസിനെതിരെ ഉടന്‍ നടപടിയില്ല; വിശ്വസ്തര്‍ പുറത്ത്

Posted on: May 12, 2013 6:00 pm | Last updated: May 13, 2013 at 8:57 am
SHARE

VS HAPPY

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ഉടന്‍ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്ന് സൂചന. നടപടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങള്‍ അവസാനിച്ചു. വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന ഘടകം ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ധാരണയായതെന്ന് അറിയുന്നു. വി എസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ പി ബി ഒരു കമ്മീഷനെ നിയോഗിച്ചതായും സൂചനയുണ്ട്. അതേസമയം, വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് പി ബി അംഗീകാരം നല്‍കി. വി എസിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരാണ് പുറത്തുപോകുന്നത്.

രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി എസ് വിഷയം പരിഗണിച്ചുവെങ്കിലും തീരുമാനത്തിലെത്താനായില്ല. പതിനൊന്ന് മണിയോടെ കേന്ദ്ര കമ്മിറ്റി അവസാനിച്ചു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെ പ്രത്യേകം വിളിച്ചുചേര്‍ത്ത് പി ബി യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാന ഘടകത്തില്‍ നിന്നുള്ള ഭൂരിഭാഗം പേരും വി എസിനെതിരെ നടപടി ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന ഘടകത്തിലെ ചില അംഗങ്ങളും ബംഗാളില്‍ നിന്നുള്ള പി ബി അംഗങ്ങളും വി എസി നെ അനുകൂലിച്ചു. യോഗത്തില്‍ സംസാരിച്ച വി എസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് അഴിച്ചുവിട്ടത്. ഇതോടെ ഈ യോഗവും അന്തിമ തീരുമാനത്തിലെത്താനാകാതെ പിരിഞ്ഞു. പിന്നീട് വൈകീട്ടോടെ വീണ്ടും ചേര്‍ന്ന യോഗത്തിലാണ് വി എസിനെതിരായ നടപടി സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ ധാരണയായത്.

പി ബി, സി സി യോഗ തീരുമാനങ്ങള്‍ നാളെ വിശദീകരിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. നാളെ ഉച്ചക്ക് ശേഷം മൂന്നരക്ക് കാരാട്ട് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അക്കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയോട് ചോദിക്കണമെന്നായിരുന്നു യോഗം കഴിഞ്ഞിറങ്ങിയ വി എസിന്റെയും പിണറായിയുടെയും മറുപടി.