Connect with us

Malappuram

വെള്ളയൂര്‍, ചോക്കാട്, വണ്ടൂര്‍ വില്ലേജുകളില്‍ എന്‍ പി ആര്‍ എന്റോള്‍മെന്റ് മുടങ്ങി

Published

|

Last Updated

കാളികാവ്: ഓപ്പറേറ്റര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഇന്നലെ ചോക്കാട്, വെള്ളയൂര്‍, വണ്ടൂര്‍ വില്ലേജുകളില്‍ എന്‍ പി ആര്‍ എന്റോള്‍മെന്റ് മുടങ്ങി. വെള്ളയൂര്‍ വില്ലേജിലെ ആമപൊയില്‍ ജി എല്‍ പി സ്‌കൂളിലേയും, ചോക്കാട് വില്ലേജിലെ ചോക്കാട് ജി യു പി സ്‌കൂളിലേയും, വണ്ടൂര്‍ വില്ലേജിലെ കാപ്പില്‍കാരാട് സ്‌കൂളിലും നടന്ന് വരുന്ന ക്യാമ്പുകളാണ് ഇന്നലെ മുടങ്ങിയത്.
കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കിയത്. നാല് മാസം മുമ്പ് ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ നേരത്തെ തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് അന്ന് നിലമ്പൂര്‍ സി ഐ യുടെ മധ്യസ്ഥതയില്‍ നടന്ന തീരുമാനങ്ങള്‍ ലംഘിച്ചതിനാലാണ് വീണ്ടും ഓപ്പറേറ്റര്‍മാര്‍ പണിമുടക്കിയത്.
എല്ലാമാസവും ഏഴാം തീയതി ശമ്പളം നല്‍കാമെന്ന വ്യവസ്ഥ പാലിക്കാത്തിനാലാണ് വീണ്ടും പണിമുടക്ക് നടത്തുന്നതെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. വണ്ടൂര്‍, വെള്ളയൂര്‍, ചോക്കാട് വില്ലേജുകളില്‍ നിന്നായി 48 പേരാണ് ജോലിചെയ്തതിന് കൂലി കിട്ടാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിന്‍മാറിയത്. പാലക്കാട് ഐ ടി ഐക്കാണ് ജില്ലയിലെ എന്‍ പി ആറിന്റെ ചുമതല നല്‍കിയിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച കഴിഞ്ഞ മാസത്തെ ശമ്പളം ഫീല്‍ഡ് സൂപ്പര്‍ വൈസറോട് പല തവണ ആവശ്യപ്പെട്ടെങ്കിലും നാളേക്ക് ശേഷമേ ശമ്പളം തരികയുള്ളൂവെന്ന ശാഠ്യം പിടിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ജോലിയില്‍ നിന്ന് പിന്‍മാറിയാലും ശമ്പളം തരില്ലെന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്നാണ് സമരം ചെയ്തവര്‍ പറയുന്നത്.
സമരത്തെ തുടര്‍ന്ന് ജോലിയെല്ലാം മാറ്റിവെച്ച് എന്‍ പി ആര്‍ എടുക്കാന്‍ പുലര്‍ച്ചെതന്നെ ക്യാമ്പുകളിലെത്തിയ നൂറ് കണക്കിന് ആളുകള്‍ വീണ്ടും ക്യാമ്പുകള്‍ തേടി എത്തേണ്ട സ്ഥിതിയാണുള്ളത്. ദൂര സ്ഥലങ്ങളില്‍ ജോലിചെയ്തിരുന്നവരും, വീടുകളില്‍ എത്തി എന്‍ പി ആര്‍ കണക്കെടുപ്പ് നടത്തിയ ലീവില്‍ പോയ വിദൂരത്തുള്ള അധ്യാപകരും ക്യാമ്പില്‍ എത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ എന്‍ പി ആര്‍ എന്‍ റോള്‍മെന്റ് മുടങ്ങിയത് എല്ലാവരേയും ദുരിതത്തിലാക്കി.
രാവിലെ ആറ് മണിക്ക് തന്നെ ക്യാമ്പുകളില്‍ എത്തി വരിക്ക് നിന്നവര്‍ പത്ത് മണി കഴിഞ്ഞിട്ടും ജീവനക്കാരെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമരമാണെന്നറിയുന്നത്. കൂലി ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

 

Latest