നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടുമായി കുടുംബശ്രീ മേള

Posted on: May 12, 2013 9:07 am | Last updated: May 12, 2013 at 9:07 am
SHARE

കോഴിക്കോട്: കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് സ്വപ്‌ന നഗരിയില്‍ ഒരുക്കിയ ഭക്ഷ്യമേള നാടന്‍ വിഭവങ്ങള്‍ കൊണ്ട് സ്വാദിഷ്ടമായി. വിവിധ ജില്ലകളില്‍ നിന്നുള്ള 22 കുടുംബശ്രീ യൂനിറ്റുകളും തയ്യാറാക്കിയത് നാടന്‍ വിഭവങ്ങള്‍. ചക്കപ്പുഴുക്ക്, ചക്ക കട്‌ലറ്റ്, കടുക്ക നിറച്ചത്, പാലപ്പം, പുട്ടുകള്‍, ഉന്നക്കായ, ചട്ടിപ്പത്തിരി, കപ്പ ബിരിയാണി എന്നിങ്ങനെ നീളുന്നു വിഭവങ്ങളുടെ നിര.
കൊയിലാണ്ടി, ഫറോക്ക്, പുതിയങ്ങാടി, മൂഴിക്കല്‍, കുരുവട്ടൂര്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ കുടുംബശ്രീ സി ഡി എസ് യൂനിറ്റുകള്‍ ഉള്‍പ്പെടെ പത്ത് യൂനിറ്റുകളാണ് ജില്ലയില്‍ നിന്ന് മേളയില്‍ പങ്കെടുക്കുന്നത്. കപ്പപ്പുഴുക്കും കോഴിക്കറിയുമാണ് കൊയിലാണ്ടി നവീന കുടുംബശ്രീ യുടെ വിഭവങ്ങള്‍. കുരുവട്ടൂര്‍ കുടുംബശ്രീ സി ഡി എസ് അംഗങ്ങളുടെ ചക്ക വിഭവങ്ങളും ശ്രദ്ധേയമായി. കട്‌ലറ്റ്, പെട്ടിപത്തിരി, ഈന്തുപുട്ട് എന്നിവയാണ് മെഡിക്കല്‍ കോളജ് സൗപര്‍ണിക കുടുംബശ്രീയുടെ വിഭവങ്ങള്‍.
എട്ട് തരം ബിരിയാണി ഒരുക്കി തലശ്ശേരി യൂനിറ്റും, കപ്പ ബിരിയാണി ഒരുക്കി കോട്ടയത്ത് നിന്നുള്ള കുടുംബശ്രീ യൂനിറ്റും വ്യത്യസ്തരായി. മത്സ്യങ്ങള്‍ കൊണ്ടുള്ള അഞ്ച് തരം വിഭവങ്ങളാണ് കുമരകം സമൃദ്ധി യൂനിറ്റ് ഒരുക്കിയത്.
മുളയരി പായസവും പനംപൊടി കൊണ്ടുള്ള പരമ്പരാഗത വിഭവങ്ങളും മേളയുടെ പ്രത്യേകതയാണ്.
ഐഫ്രം (അദേഭാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ്ഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്) ഒരുക്കിയ ഏഴുതരം നെല്ലിക്കാ ജ്യൂസും മേളയിലുണ്ട്. പ്രമേഹ രോഗം, കാലാവസ്ഥാ വ്യതിയാനം എന്നിവക്കനുയോജ്യമായ രീതിയിലുള്ള ജ്യൂസുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ആയുര്‍വ്വേദ സ്ഥാപനമായ ഔഷധിയും, ഐഫ്രയും ചേര്‍ന്നാണ് ഭക്ഷ്യമേളയിലൊരുക്കിയ വിഭവങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നത്. ശീതീകരണ സംവിധാനം ഒഴിവാക്കിയതിനാല്‍ പുതുമയുള്ള ഭക്ഷണം ലഭിക്കുമെന്നതും മേളയുടെ സവിശേഷതയാണ്.