Connect with us

Kozhikode

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നരിക്കുനി ടൗണ്‍

Published

|

Last Updated

നരിക്കുനി: സ്റ്റേറ്റ് ഹൈവേ 68 കാപ്പാട് – തുഷാരഗിരി പാത കടന്നുപോകുന്ന നരിക്കുനി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വാഹനങ്ങളുടെ വര്‍ധനക്കനുസരിച്ച് റോഡ് വികസിക്കാത്തതും സുഗമമായ ഗതാഗതത്തിന് ആവശ്യമായ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് കാരണം. ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബൈപ്പാസിന്റെ നടപടി ക്രമങ്ങള്‍ ഫയലിലൊതുങ്ങുകയാണ്.
ഇന്നലെ രാത്രി ഒരു മണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. ഇതിനിടെ ബാലുശ്ശേരി ഭാഗത്തുനിന്ന് മെഡിക്കല്‍ കോളജിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയെ കൊണ്ടു പോയ വാഹനവും ഗതാഗതക്കുരുക്കില്‍ കുടുങ്ങി. നാട്ടുകാരും പോലീസുകാരും ഏറെ പണിപ്പെട്ടാണ് വാഹനം കടത്തിവിട്ടത്.
റോഡില്‍ നിര്‍ത്തിയിട്ട് ചരക്കിറക്കുന്ന ലോറികളും ഇരുഭാഗങ്ങളിലും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും തെരുവുകച്ചവടക്കാരുമൊക്കെ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു. വീതി കുറഞ്ഞ പൂനൂര്‍ റോഡ് ജംഗ്ഷനും കുമാരസ്വാമി റോഡ് ജംഗ്ഷനും സുഗമമായ ഗതാഗതത്തിന് തടയിടുന്നു. ട്രാഫിക് എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ കാവല്‍ നിന്നിട്ടും ഈ ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തിന് അല്‍പം പോലും കുറവുണ്ടായിട്ടില്ല.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസിന് വേണ്ടി 2009 ലെ ബജറ്റില്‍ 9.5 കോടി രൂപ അനുവദിച്ചതാണ്. നന്മണ്ട റോഡില്‍നിന്ന് തുടങ്ങി മറ്റു റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ സര്‍വേ പൂര്‍ത്തിയാക്കി നന്മണ്ട റോഡ് മുതല്‍ കുമാരസ്വാമി റോഡ് വരെയുള്ള ഭാഗത്ത് അടയാളക്കല്ലുകള്‍ നാട്ടിയെങ്കിലും തുടര്‍ പ്രവൃത്തികള്‍ നീളുകയാണ്.

Latest