Connect with us

National

പോസ്‌കോവിരുദ്ധ സമര നേതാവിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷയില്‍ പോസ്‌കോവിരുദ്ധ സമര നേതാവ് അഭയ് സാഹുവിനെ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ നിര്‍ദിഷ്ട സ്റ്റീല്‍ പദ്ധതി പ്രദേശത്തുണ്ടായ ബോംബ് സ്‌ഫോടനമുള്‍പ്പെടെയുള്ള നിരവധി കേസുകളുമായി ബന്ധപ്പെട്ടാണ് സാഹുവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കോയമ്പത്തൂരില്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ പോകുകയായിരുന്ന സാഹുവിനെ വിമാനം പുറപ്പെടുന്നതിന്റെ അല്‍പ്പം മുമ്പ് ഭുവനേശ്വറിലെ ബിജു പട്‌നായ്ക് വിമാനത്താവളത്തില്‍ വെച്ച് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡി എസ് പി ഭാബനി ശങ്കര്‍ മിശ്ര വ്യക്തമാക്കി. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭുവനേശ്വറില്‍ നിന്ന് പോസ്‌കോ പ്രതിരോധ് സഘ്രം സമിതി (പി പി എസ് എസ്) നേതാവായ സാഹുവിനെ അറസ്റ്റ് ചെയ്തത്.
നിലവില്‍ അദ്ദേഹത്തിനെതിരെ 54 കേസുകളുണ്ട്. 50 കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ പുതിയ നാല് കേസുകളുടെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
എന്നാല്‍ കെട്ടിച്ചമച്ച കേസുകളുടെ പേരിലാണ് തന്നെ കുടുക്കിയതെന്ന് പറഞ്ഞ സാഹു, കുടുംബത്തിലെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് രണ്ട് ദിവസം മുമ്പ് യാത്രപുറപ്പെടാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ സ്റ്റീല്‍ പദ്ധതിക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും തമിഴ്‌നാട്ടില്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2005 മുതല്‍ ഒഡീഷയിലെ നിര്‍ദിഷ്ട സ്റ്റീല്‍ പദ്ധതിക്കെതിരെ പോരാട്ടം നടത്തുന്ന വ്യക്തിയാണ് സാഹു. രണ്ട് വര്‍ഷം മുമ്പും നിരവധി കുറ്റകൃത്യങ്ങളാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2011 ഡിസംബറില്‍ ജാമ്യം കിട്ടിയതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്.
ഇപ്പോള്‍ നാല് കേസുകളാണ് സാഹുവിനെതിരെ ചുമത്തിയത്. ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് പാറ്റ്‌നയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായതുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കുജംഗയിലെ കോടതിയില്‍ സാഹുവിനെ ഹാജരാക്കുമെന്ന് ഡി എസ് പി പറഞ്ഞു.

Latest