Connect with us

Kerala

വൈദ്യുതി കാലുകളില്‍ ഫ്‌ളക്‌സും പോസ്റ്ററും പതിച്ചാല്‍ പിഴ

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി കാലുകളില്‍ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നവര്‍ക്ക് ഇനി മുതല്‍ പിഴയടക്കേണ്ടി വരും. ഇത് സംബന്ധിച്ച കെ എസ് ഇ ബി ഉടന്‍ തീരുമാനമെടുക്കും. ഇലക്ട്രിസിറ്റി ബില്ലിനോടൊപ്പമായിരിക്കും പിഴ അടക്കേണ്ടത്.

അടുത്ത് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഇതിനായി റോഡ് മാപ്പ് തയ്യാറാക്കുന്നതിനും അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പരസ്യം പതിക്കുന്നവരെ കണ്ടെത്താന്‍ സംവിധാനമേര്‍പ്പെടുത്തും.
സംസ്ഥാനത്തുടനീളമുള്ള ലക്ഷോപലക്ഷം പോസ്റ്റുകളില്‍ അനധികൃതമായാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
വിവിധ ബിസിനസ്സ് സ്ഥാപനങ്ങളും രാഷ്ട്രീയ സംഘടനകളുമാണ് പ്രധാനമായും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ആവശ്യം കഴിഞ്ഞാല്‍ ഇവ നീക്കം ചെയ്യാനും ആരും മെനക്കെടാറില്ല. പൊതു സ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് കോടതി നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.
ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ഇലക്ട്രിക് പോസ്റ്റുകള്‍, സപ്ലൈ കോഡ്, ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ അന്യരുടെ അനാവശ്യമായ ഇടപെടല്‍ ശിക്ഷാര്‍ഹമാണ്.
മുന്‍ കെ എസ് ഇ ബി ചെയര്‍മാനും ഇപ്പോഴത്തെ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയുമായ വി പി ജോയിയാണ് വൈദ്യുതി കാലുകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആദ്യം ആലോചിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പല തിരക്കേറിയ ജംഗ്ഷനുകളിലും പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ നിറഞ്ഞിട്ടുണ്ട്.
പലപ്പോഴും അറ്റകുറ്റപ്പണികള്‍ക്കായി പോസ്റ്റില്‍ കയറാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ക്ക് കഴിയാറില്ല. നിലവില്‍ കേബിള്‍ ലൈന്‍ ഇലക്ട്രിക് പോസ്റ്റ് വഴി വലിക്കുന്നതിന് കെ എസ് ഇ ബി അനുമതി നല്‍കുന്നുണ്ട്. ഇതിന് ചാര്‍ജും ഈടാക്കുന്നുണ്ട്. നിയമപരമായി ഇത് തെറ്റാണെങ്കിലും ഡി ടി എച്ച് സര്‍വീസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേബിള്‍ ലൈനുകള്‍ അധികം താമസിയാതെ ഇല്ലാതാകുമെന്നതിനാല്‍ ബോര്‍ഡ് ഇത് വലിയൊരു പ്രശ്‌നമായി കണക്കാക്കിയിട്ടില്ല.

Latest