മുബാറക്കിന്റെ പുനര്‍വിചാരണ അടുത്ത മാസത്തേക്ക് നീട്ടി

Posted on: May 12, 2013 12:20 am | Last updated: May 12, 2013 at 12:20 am
SHARE

കൈറോ: ഈജിപ്ത് മുന്‍ ഭരണാധികാരി ഹുസ്‌നി മുബാറക്കിന്റെ വിചാരണ ജൂണ്‍ എട്ടിലേക്ക് നീട്ടി. രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിലെ പുനര്‍വിചാരണയാണ് അടുത്ത മാസം എട്ടിലേക്ക് നീട്ടിയത്. കേസില്‍ മുബാറക്കിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
എന്നാല്‍ കോടതി വിധിക്കെതിരെ ഹുസ്‌നി മുബാറക് സമര്‍പ്പിച്ച ഹരജയിലാണ് പുനര്‍വിചാരണക്ക് കോടതി ഉത്തവിട്ടത്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ സൈന്യം ക്രൂരമായി ആക്രമിക്കുന്നതിന്റെയും ആക്രമണം നടത്താന്‍ സൈനിക മേധാവികള്‍ക്ക് മുബാറക് നിര്‍ദേശം നല്‍കിയതിന്റെയും പുതിയ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രോസിക്യുട്ടര്‍മാര്‍ വ്യക്തമാക്കി. പുതിയ തെളിവുകളെ കുറിച്ച് വിശദമായി പഠിക്കാനാണ് കേസ് അടുത്ത മാസത്തേക്ക് നീട്ടിയതെന്ന് കോടതി വക്താക്കള്‍ അറിയിച്ചു.
മുബാറക്കിന് പുറമെ മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അദ്‌ലിക്കും ആറ് സുരക്ഷാ മേധാവികള്‍ക്കെതിരെയും വിചാരണ നടക്കും. ഇവര്‍ക്കെതിരെയും വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.