Connect with us

Kerala

നിതാഖാത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി നടപടി അഭിനന്ദനാര്‍ഹം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: നിതാഖാത്ത് പ്രശ്‌നത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ നടപടിയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വാഗതം ചെയ്തു. ഏപ്രില്‍ ആറിന് സഊദി ഭരണ കര്‍ത്താവ് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തിലാണ,് സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയവര്‍ക്ക് (ഹുറൂബ്) സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
കാന്തപുരത്തിന്റെ കഴിഞ്ഞ മാസത്തെ സഊദി സന്ദര്‍ശന വേളയില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ശൈഖ് ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സഊദി തൊഴില്‍കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളില്‍ നിതാഖാത്ത് പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ധരിപ്പിക്കുകയും, നിതാഖാത്ത് വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിക്കണമെന്നഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. സഊദി തൊഴില്‍കാര്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് കാന്തപുരം നിവേദനവും സമര്‍പ്പിച്ചിരുന്നു.

 

Latest