Connect with us

National

അതിര്‍ത്തിയില്‍ നിര്‍മാണത്തിന് ഇന്ത്യക്ക് അവകാശമുണ്ട്: എ കെ ആന്റണി

Published

|

Last Updated

പനാജി: അതിര്‍ത്തിയില്‍ സ്വന്തം പ്രദേശത്ത് പ്രതിരോധ ആവശ്യത്തിന് കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. മൂന്നാഴ്ച മുമ്പ് ചൈനീസ് സൈന്യം ലഡാക്കില്‍ അതിക്രമിച്ചുകയറിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. മിഗ്- 29കെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ കമ്മീഷന്‍ ചെയ്ത് ഗോവയിലെ നാവിക ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അയല്‍ രാഷ്ട്രങ്ങളുമായുള്ള വിഷയങ്ങള്‍ സുസംഘടിത നടപടികളിലൂടെ ഇന്ത്യ പരിഹരിക്കും. സ്വന്തം പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളും മറ്റ് നിര്‍മാണ പ്രവൃത്തികളും നടത്താന്‍ ചൈനക്ക് അവകാശമുള്ളതു പോലെ തങ്ങളുടെ സ്ഥലത്ത് നിര്‍മാണത്തിന് ഇന്ത്യക്കും അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം 15ന് ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി പ്രദേശത്ത് ചൈനീസ് സൈന്യം അതിക്രമിച്ച് കയറി തമ്പടിച്ചത് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു ആന്റണി. നാല് തവണയായി നടന്ന ഫഌഗ് മീറ്റിംഗുകള്‍ക്കും മറ്റ് നയതന്ത്ര ഇടപെടലുകള്‍ക്കും അവസാനമാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാഷ്ട്രങ്ങളും സമ്മതിച്ചത്.
സമുദ്രാതിര്‍ത്തിയടക്കം ഇന്ത്യ സ്വന്തം ദേശീയ താത്പര്യങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കും. വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതിനാല്‍ സമുദ്രാതിര്‍ത്തിക്ക് പ്രാധാന്യം വര്‍ധിച്ചുവരികയാണ്. സ്വതന്ത്രവും സുതാര്യവുമായ അന്തരീക്ഷത്തിലേ സാമ്പത്തിക പുരോഗതി ഉണ്ടാകുകയുള്ളൂ. സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ നാവികസേനക്ക് എന്ത് വെല്ലുവിളികളും അഭിമുഖീകരിക്കാം. കൂടുതല്‍ ശക്തി സംഭരിക്കുന്നതോടെ പുതിയൊരു യുഗപ്പിറവിയായിരിക്കും നാവിക സേനക്ക് വൈകാതെയുണ്ടാകുക. ഇന്ത്യന്‍ സമുദ്രത്തിലെയും മറ്റിടങ്ങളിലെയും ദേശീയ താത്പര്യങ്ങളെ നാവികസേന സംരക്ഷിക്കും. നമ്മുടെ താത്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ എന്തും ചെയ്യുമെന്ന് ആരെയും എടുത്തുപറയാതെ ആന്റണി വ്യക്തമാക്കി.
കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ പുറംനിര്‍മാണ പണികള്‍ ആഗസ്റ്റ് 12 മുതല്‍ തുടങ്ങും. 45,000 ടണ്‍ ഭാരം വഹിക്കാവുന്ന കപ്പലിന്റെ നിര്‍മാണം 2009ലാണ് ആരംഭിച്ചത്. യന്ത്രങ്ങളും മറ്റും ഘടിപ്പിക്കുന്ന പ്രവൃത്തികളാണ് ഇനിയുള്ളത്. 2017ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2016ല്‍ പരീക്ഷണ സമുദ്രയാത്ര തുടങ്ങുമെന്നും ആന്റണി അറിയിച്ചു.
നിലവില്‍ ഐ എന്‍ എസ് വിക്രമാദിത്യയിലായിരിക്കും മിഗ്- 29കെ ഉപയോഗിക്കുക. തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍-1 (ഐ എ സി) വികസിപ്പിക്കുന്നതോടെ മറ്റ് പോര്‍വിമാനങ്ങള്‍ ഇതിലേക്ക് മാറും.
പ്രതിരോധ മേഖലയില്‍ മാത്രമല്ല മറ്റ് പ്രധാന മേഖലകളിലും ഏറ്റവും വിശ്വസ്തമായ പങ്കാളിയാണ് റഷ്യ. പതിറ്റാണ്ടുകളായി ഈ ബന്ധം ആരംഭിച്ചിട്ടെന്നും ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു. നവീന മാതൃകയിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളുമാണ് സായുധസേനക്ക് ലഭിക്കുന്നത്. സേനയുടെ ശക്തിയും ബലവും വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ആയുധങ്ങളും സജ്ജീകരണങ്ങളും നല്‍കുമെന്നും ആന്റണി അറിയിച്ചു.
ഏതൊരു രാഷ്ട്രത്തിന്റെയും ജീവനാഡികളാണ് സമുദ്രമാര്‍ഗം. ഇന്ത്യക്ക് ചുറ്റുമുള്ള സുരക്ഷാ പരിസ്ഥിതി ദ്രുതഗതിയില്‍ മാറുകയാണ്. ഇത് കൂടുതലും സമുദ്രവുമായി ബന്ധപ്പെട്ടാണ്. പ്രതിരോധ സജ്ജീകരണം കൂടുതല്‍ കുറ്റമറ്റതും ശക്തവുമാക്കുന്നതിന് പുതിയ സാങ്കേതിക പരിജ്ഞാനവും പരിശീലനവും അത്യന്താപേക്ഷിതമാണ്. നാവികസേനയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അതിപ്രധാനമാണ്. ഈ വര്‍ഷം അവസാനം ലഭിക്കുന്ന ഐ എന്‍ എസ് വിക്രമാദിത്യ (അഡ്മിറല്‍ ഗോര്‍ഷ്‌കോവ്) വിമാനവാഹിനി കപ്പലിലായിരിക്കും മിഗ്- 29കെ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുക. പുതിയ യുദ്ധവിമാനങ്ങള്‍ ചേരുന്നതോടെ നാവികസേന കൂടുതല്‍ സുസജ്ജമാകും.
ഇന്നലെ 20 മിഗ്- 29കെ വിമാനങ്ങളാണ് ആന്റണി കമ്മീഷന്‍ ചെയ്തത്. നാവിക സേന വൈമാനിക ശേഷി കൈവരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായിരുന്നു ഇത്. നാവിക സേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. നാവികസേനയുടെ വ്യോമാഭ്യാസവും ഉണ്ടായിരുന്നു.

 

Latest