Connect with us

Editors Pick

വരും വര്‍ഷങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ഭൂജല ബോര്‍ഡ് മുന്നറിയിപ്പ്‌

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂജല വിനിയോഗം നടക്കുന്നത് പാലക്കാട്ടാണെന്ന് കേന്ദ്രീയ ഭൂജല ബോര്‍ഡും കേരള ഭൂജല വകുപ്പും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പാലക്കാട്ടെ പലയിടങ്ങളിലും ഓരോ വര്‍ഷവും ജല സാന്നിധ്യം കുറഞ്ഞുവരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭൂഗര്‍ഭ ജലവകുപ്പിന്റെ ഏറ്റവും പുതിയ നിഗമനമനുസരിച്ച് പാലക്കാട്ടെ ചിറ്റൂരിലാണ് അപകടകരമായ രീതിയില്‍ ഭൂജലം കുറഞ്ഞുവരുന്നത്. മുമ്പത്തെക്കാളേറെ വരള്‍ച്ച ബാധിച്ചിട്ടുണ്ടെങ്കിലും വയനാടിനെ ജലചൂഷണം ഏറ്റവും കുറഞ്ഞ പ്രദേശമായും കണ്ടെത്തിയിട്ടുണ്ട്.

ഓരോ വര്‍ഷവും മഴയില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും പരിപോഷണം ചെയ്യപ്പെടുകയും കിണറുകളിലൂടെ നമുക്ക് ലഭ്യമാകുകയും ചെയ്യുന്ന ഭൂജല സമ്പത്തിന്റെ അളവാണ് ഇതുസംബന്ധിച്ച വ്യക്തമായ കണക്ക് നല്‍കിയത്. ഓരോ വര്‍ഷത്തിലും ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്ന ജലത്തില്‍ നിന്ന് വേനല്‍ക്കാലത്ത് പുഴകളിലും അരുവികളിലും ഒഴുകുന്നതും മറ്റ് പല മാര്‍ഗങ്ങളിലൂടെ നഷ്ടപ്പെടുന്നതുമായ വെള്ളത്തിന്റെ അളവ് കുറച്ചാണ് ഭൂജല ലഭ്യത കണക്കാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കും കൃഷിക്കും വേണ്ടിയാണ് ഭൂജലം പ്രധാനമായും വിനിയോഗിക്കുന്നത്. ഒരു വ്യക്തി പ്രതിദിനം 150 ലിറ്റര്‍ ജലം കുടിക്കുന്നതിനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ജനസംഖ്യയുടെയും ആളോഹരി ഭൂജല ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് കിണറുകളുടെ എണ്ണവും അവയുടെ വാര്‍ഷിക ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിന്നാണ് ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിലെ വാര്‍ഷിക ഭൂജല ലഭ്യത ഏതാണ്ട് 6,070 ദശലക്ഷം ഘനമീറ്ററാണ്. എന്നാല്‍ വാര്‍ഷിക ഭൂജല വിനിയോഗം 2,840 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ ഭൂജല വിനിയോഗം പാലക്കാട് ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 152 ബ്ലോക്കുകളില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്ക് അതിജലചൂഷിതമായ പ്രദേശമായും കണക്കാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, കാസര്‍കോട്ടെ കാസര്‍കോട് ബ്ലോക്ക് എന്നിവടങ്ങളിലും ഭൂജല ചൂഷണം ഗുരുതരാവസ്ഥയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അര്‍ധ ഗുരുതരമായി ജലചൂഷണമുള്ള 23 ബ്ലോക്കുകളെയും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പാറക്കടവ്, പറവൂര്‍, വൈപ്പിന്‍, ഇടുക്കിയിലെ കട്ടപ്പന, നെടുങ്കണ്ടം, കണ്ണൂരിലെ കല്യാശ്ശേരി, പാനൂര്‍, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം, കൊല്ലത്തി ചിറ്റുമല, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, കുന്ദമംഗലം, മലപ്പുറത്തെ കൊണ്ടോട്ടി, താനൂര്‍, തിരൂരങ്ങാടി, പാലക്കാട്ടെ പട്ടാമ്പി, തൃത്താല, തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, നെടുമങ്ങാട്, പാറശ്ശാല, തൃശൂരിലെ മതിലകം, തളിക്കുളം എന്നീ പ്രദേശങ്ങളാണ് ജലചൂഷണം വ്യാപകമാകുന്ന (അര്‍ധ ഗുരുതരം) വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 126 ബ്ലോക്കുകളില്‍ ഭൂജല വിനിയോഗം ഇപ്പോഴും താരതമ്യേന കുറഞ്ഞ അളവിലായതിനാല്‍ ഇവ സുരക്ഷിത ബ്ലോക്കുകളായും കണക്കാക്കപ്പെടുന്നുണ്ട്.
2011ല്‍ കണക്കാക്കപ്പെട്ട ഭൂജല സമ്പത്തിന്റെ വിശദാംശങ്ങള്‍ 2004ലെയും 2009ലെയും പഠനങ്ങളുടെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂജല സമ്പത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വ്യത്യാസം വന്നിട്ടില്ല. എന്നാല്‍ വരും നാളുകളില്‍ ജല സമ്പത്ത് കാര്യമായി കുറയാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേ സമയം സംസ്ഥാനത്തെ ഭൂജല സമ്പത്തിന്റെ വിനിയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നഗരവത്ക്കരണവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ ഭൂജല വിനിയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയേക്കുമെന്നും ഭൂജല ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2025ലേക്ക് ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുമാത്രം വേണ്ടി വരുന്ന ഭൂജലത്തിന്റെ അളവ് ഏതാണ്ട് 1,710 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെടുന്നുണ്ട്. പുതിയ പശ്ചാത്തലത്തില്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വരും വര്‍ഷങ്ങളില്‍ കാര്യമായ ജലക്ഷാമം നേരിടേണ്ടി വരും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest