കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാരുടെ വിളയാട്ടം

Posted on: May 11, 2013 10:30 pm | Last updated: May 12, 2013 at 12:04 am
SHARE

കൊല്ലം: വേനല്‍ രൂക്ഷമായതോടെ കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാരുടെ വിളയാട്ടം. വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നതിനിടെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വില്‍പ്പന തകര്‍ക്കുന്നത്. ഇരുപത് ലിറ്ററിന്റെ ജാറുകളിലാണ് വ്യാപക കൃത്രിമം. ഭക്ഷ്യസുരക്ഷാ നിബന്ധനകളൊന്നും പാലിക്കാതെ വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് അനധികൃത വില്‍പ്പനക്കാര്‍ വെള്ളം നിറക്കുന്നത്. അള്‍ട്രാവയലറ്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയകളിലൂടെയാണ് കുടിവെള്ളത്തിന്റെ ശുചീകരണം നടത്തേണ്ടത്. എന്നാല്‍, ഇതെല്ലാം ലേബലില്‍ മാത്രം ഒതുങ്ങുന്നു. ഇവ പരിശോധിക്കാന്‍ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ലാബ് സൗകര്യമില്ല. കുപ്പിവെള്ളത്തില്‍ ഇ- കോളി ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്ന് കഴിഞ്ഞ ദിവസം റീജ്യനല്‍ അനലിറ്റിക്കല്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
അമ്പത് മുതല്‍ നൂറ് രൂപ വരെയാണ് ഇരുപത് ലിറ്റര്‍ ജാറിന് ഈടാക്കുന്നത്. മിനറല്‍ വാട്ടര്‍ പ്ലാന്റുകളില്‍ ആരോഗ്യ- ഭക്ഷ്യ വകുപ്പുകളുടെ പരിശോധന പലപ്പോഴും പേരിനു മാത്രമാണ്. ജാറുകളുടെ ശുചീകരണവും കാര്യക്ഷമമായി നടക്കാറില്ല. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് വ്യാജ കുപ്പിവെള്ള വില്‍പ്പന സജീവമായിരിക്കുന്നത്. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും തോന്നുംപോലെയാണ് വില ഈടാക്കുന്നത്. 15 രൂപ മുതല്‍ 25 രൂപ വരെയാണ് ഒരു ലിറ്റര്‍ വെള്ളത്തിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്.
നേരത്തെ, വേനല്‍ക്കാലങ്ങളില്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കുടിവെളള വില്‍പ്പന ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലും വ്യാപകമായിരിക്കുകയാണ്. കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും വെളളം ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്നവര്‍ക്ക് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടാങ്കുകള്‍ നിറക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വന്നിരിക്കുകയാണ്. കനാലുകളില്‍ നിന്ന് വെളളം ശേഖരിച്ചും വില്‍പ്പന നടത്തിവരുന്നുണ്ട്. രാത്രിയില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ കനാലുകളില്‍ നിന്ന് ലോറികളില്‍ ടാങ്കുകളുമായെത്തിയാണ് വെള്ളം ശേഖരിക്കുന്നത്. കൊല്ലം ജില്ലയില്‍ വെണ്ടാര്‍, മുട്ടറ, തേവലപ്പുറം, നെടുവത്തൂര്‍, എഴുകോണ്‍, മാറനാട് തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ നിന്നും രാത്രിയില്‍ ഇത്തരത്തില്‍ കനാല്‍ വെള്ളം മോഷ്ടിച്ചു കടത്തുന്നതായി പരാതിയുണ്ട്.
നല്ലൊരു ശതമാനം ഹോട്ടല്‍ നടത്തിപ്പുകാരും വെള്ളം വിലക്ക് വാങ്ങിയാണ് വ്യാപാരം നടത്തിവരുന്നത്. പാത്രം കഴുകാനാണ് വെള്ളം വാങ്ങുന്നതെന്നാണ് നടത്തിപ്പുകാരുടെ ഭാഷ്യം. എന്നാല്‍, മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഭക്ഷണം പാചകം ചെയ്യാനും ഇവര്‍ ഇത് ഉപയോഗിച്ചുവരുന്നു. കോളറ, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, പകര്‍ച്ചപ്പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇതുമൂലം സാധ്യതയേറിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഇത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here