അധിനിവേശത്തിലെ അവബോധം

Posted on: May 11, 2013 11:44 pm | Last updated: May 11, 2013 at 11:44 pm
SHARE

മുതലാളിത്വത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് ഇംപീരിയലിസം. ഇംപീരിയലിസത്തെക്കുറിച്ചുള്ള ലെനിന്റെ ഒരു പഠനത്തില്‍ അമേരിക്കയെക്കുറിച്ച് ഒരു നിരീക്ഷണമുണ്ട്. യുദ്ധം അമേരിക്കക്കാരന്റെ ഒരു കച്ചവടമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ലോകത്ത് യുദ്ധം സൃഷ്ടിക്കപ്പെടാതെ അമേരിക്കക്ക് നിലനില്‍പ്പില്ലെന്നര്‍ഥം. അവരുടെ ദേശീയ വരുമാനത്തിന്റെ നല്ലൊരു ശതമാനവും ആയുധങ്ങളുടെ കയറ്റുമതിയിലൂടെ ഉണ്ടാക്കപ്പെടുന്നതാണ്. അമേരിക്കയില്‍ ആയുധ നിര്‍മാണം ഒരു കുടില്‍ വ്യവസായവുമാണ്. അതുകൊണ്ട് സമാധാനപൂര്‍ണമായ ഒരു ലോകക്രമം അമേരിക്ക സ്വപ്‌നം കാണുന്നില്ല. നിരന്തരം സംഘര്‍ഷപൂരിതമായ ഒരു സാമൂഹിക ഭൂമികയില്‍ നിന്നു മാത്രമേ, അമേരിക്കന്‍ ഭരണകൂടത്തിന് നിലനില്‍ക്കാനാകുകയുള്ളൂ. മുതലാളിത്ത സാമൂഹിക വ്യവസ്ഥ തന്നെ യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടാണ് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നു കാണാം. ഇസ്‌റാഈലും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം അതിന്റെ ചെറിയ പതിപ്പുകളാണെന്നു മാത്രം. അതുകൊണ്ട് ലോകത്തിന്റെ ഒരു കോണില്‍ സമാധാനം പുലരുമ്പോള്‍ മറ്റൊരു കോണില്‍ അസമാധാനം സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ ജാഗരൂകരായിരിക്കും അമേരിക്ക. അമേരിക്കന്‍ കുത്തകകളും അതിന്റെ പിന്താങ്ങികളുമായ ബ്രിട്ടനും ജൂത ലോബികളും മെനഞ്ഞെടുത്ത ചില ആരോപണങ്ങളുടെ മറ പറ്റിയാണ് അമേരിക്ക ഇറാഖിനെ കടന്നാക്രമിച്ചത്.
2003 മാര്‍ച്ച് മാസം ബുധനാഴ്ച പുലരുന്നത് ഇറാഖിലെ നിഷ്‌കളങ്കരായ ജനതക്ക് ഇന്നും മറക്കാന്‍ കഴിയില്ല. അന്നാണ് അമേരിക്കന്‍ സഖ്യസൈന്യം ഇറാഖിന്റെ മണ്ണില്‍ ബോംബറുകള്‍ വര്‍ഷിക്കുന്നത്. സദ്ദാം ഹുസൈന്റെ കൈവശം മാരകായുധങ്ങളുണ്ടെന്നും ലോകത്തെയാകെ കരിച്ചുകളയാന്‍ ത്രാണിയുള്ള ആണവായുധങ്ങളുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അമേരിക്കയുടെ താണ്ഡവം പകര്‍ന്നാടിയത്. മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ അമേരിക്ക ആരോപിക്കുന്നതുപോലെ ഒന്നും ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നു മാത്രമല്ല, ആണവായുധങ്ങള്‍ പോയിട്ട് ശക്തമായ ഒരു പോര്‍വിമാനം പോലും അമേരിക്കക്ക് ലോകത്തിന്റെ മുന്നില്‍ തുറന്നുകാണിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ അധിനിവേശം കൊണ്ട് ആയിരക്കണക്കിന് ഇറാഖ് വംശജരെ കൊന്നൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഏകാധിപതിയായ ഒരു ഭരണാധികാരിയായിരുന്നെങ്കിലും സമാധാനപൂര്‍ണമായിരുന്നു ഇറാഖിലെ അന്തരീക്ഷം. നല്ല സമ്പദ്ഘടനയും അവര്‍ക്കുണ്ടായിരുന്നു. എല്ലാം തകര്‍ത്തു തരിപ്പണമാക്കുക മാത്രമല്ല അമേരിക്ക ചെയ്തത്. സദ്ദാം ഹുസൈനെ വിശുദ്ധ റമസാനിലെ ചെറിയ പെരുന്നാള്‍ ദിനം തന്നെ തീര്‍ത്തും മൃഗീയമായി കൊല്ലുകയും ചെയ്തു. സദ്ദാമിന്റെ മരണദിനം പ്രസിഡന്റ് ബുഷ് ഇസ്‌ലാമിക ലോകത്തെ നോക്കി ചിരിച്ചത് ഒരു വിശ്വാസിയുടെ മനസ്സില്‍ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. ഇറാഖിലെ അധിനിവേശം ഒരു തെറ്റായിപ്പോയെന്ന് അമേരിക്കന്‍ ജനത ഇപ്പോള്‍ തൊള്ള പൊട്ടി പറയുന്നത് മറ്റൊരു ക്രൂരവിനോദവുമാണ്.
ലോകത്തിലെ മുസ്‌ലിം രാജ്യങ്ങളധികവും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാല്‍ ഇത്തരം രാജ്യങ്ങളെ തെമ്മാടി രാഷ്ട്രങ്ങളായി വിലയിരുത്തപ്പെടേണ്ടതാണെന്നും അന്നത്തെ പ്രസിഡന്റ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും പ്രഖ്യാപിക്കുകയുണ്ടായി. ഫലസ്തീന്‍ രാഷ്ട്രത്തെ മുച്ചൂടും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ എന്ന സയണിസ്റ്റ് ഭരണകൂടത്തെ ഇതില്‍ പെടുത്തുമോ എന്ന ന്യായമായ ചോദ്യത്തിന് അമേരിക്കയന്ന് മറുപടി പറഞ്ഞിരുന്നില്ല. ഇറാഖിലെ രാസായുധ നിര്‍മാണ ഫാക്ടറികളില്‍ ഗാന്‍സ് ബ്ലാന്‍കിന്റെ നേതൃത്വത്തില്‍ യു എന്‍ നിരീക്ഷകര്‍ പലപ്പോഴായി നടത്തിയ പരിശോധനകളില്‍ വെറും മരുന്നിനു പോലും ആണവായുധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുത ലോകത്തിനു മുന്നില്‍ നിന്ന് മറച്ചുപിടിച്ചാണ് ബുഷിന്റെ താന്തോന്നിത്തം ഇറാഖിന്റെ മണ്ണില്‍ വിഷമഴ പെയ്യിച്ചത്. പിന്നെ എന്തിനായിരുന്നു അത്തരമൊരു നാടകം എന്ന ചോദ്യം പലരും ചോദിച്ചിരുന്നതാണ്. ഉത്തരവും ലളിതമായിരുന്നു. പൂര്‍വേഷ്യയിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം തകര്‍ത്തു ഇല്ലാതാക്കുക, അനന്തരം പ്രകൃതിവാതകവും പെട്രോളും ഊറ്റിയെടുക്കുക. ഇതു രണ്ടും വിജയിപ്പിക്കാന്‍ അമേരിക്കക്ക് എളുപ്പത്തില്‍ കഴിഞ്ഞു. ഇറാഖില്‍ ആണവായുധങ്ങള്‍ ഉണ്ടെന്നതിന് തെളിവില്ലെന്ന് യു എന്‍ നിരീക്ഷകര്‍ ബോധ്യപ്പെടുത്തിയപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞത് ഇങ്ങനെയാണ്: തെളിവില്ല എന്നതിന് അര്‍ഥം ഇല്ലാത്തതിന് തെളിവുണ്ടെന്നല്ല. റൊണാള്‍ഡ് റംസ്‌ഫെല്‍ഡിന് പോലും മനസ്സിലാകാത്ത ഒരു ഭാഷ്യം.
ബുഷിന്റെ ഭരണകാലത്ത് ഇസ്‌റാഈലിന്റെ താത്പര്യങ്ങള്‍ക്കായിരുന്നു എന്നും മുന്‍തൂക്കം. അന്നത്തെ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പോള്‍ഫോവിസ്റ്റും വൈസ് പ്രസിഡന്റ് ഡിക് ചെനിയും യുദ്ധഭ്രാന്ത് ശരിക്കും തലക്കുപിടിച്ച ഇഇസ്‌റാഈല്‍ പക്ഷപാതികളായിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആക്രമണത്തിനു ശേഷം ഉസാമ ബിന്‍ലാദനെ തേടി അമേരിക്കന്‍ പട അഫ്ഗാനില്‍ അരിച്ചുപെറുക്കുന്ന വേളകളില്‍ തന്നെ ഇറാഖിന്റെ എണ്ണസമ്പത്തില്‍ അമേരിക്കക്ക് കണ്ണുണ്ടായിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആക്രമണം അവര്‍ക്കൊരു കച്ചിത്തുരുമ്പായി. അല്‍ഖാഇദയും സദ്ദാമും ഉറ്റ ചങ്ങാതിമാരാണെന്നും സദ്ദാം ഹുസൈന്‍ ലാദന് സഹായ സഹകരണം ചെയ്യുന്നുണ്ടെന്നും അമേരിക്ക ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് ചില സയണിസ്റ്റ് മാധ്യമങ്ങളും കൂട്ടുനിന്നു. എട്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ ഇറാനെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക തന്നെ പാലൂട്ടി വളര്‍ത്തിയ ഏകാധിപതിയായിരുന്നു സദ്ദാമെന്ന് ലോകത്തിന് നന്നായി അറിയാമെന്നിരിക്കെ ഇത്തരം പച്ചനുണകളെ സത്യങ്ങളായി ലോകസമക്ഷം അവതരിപ്പിക്കാന്‍ അമേരിക്കക്ക് പല വേഷങ്ങളും മാറിമാറി അണിയേണ്ടതായി വരുന്നുണ്ട്. കേണല്‍ ഗദ്ദാഫിയെ പോലെ അധികാരത്തില്‍ തൂങ്ങിനില്‍ക്കാന്‍ ഇസ്‌ലാമിനെ ഉപയോഗപ്പെടുത്തിയ ഒരു വ്യക്തി എന്ന നിലയില്‍ സദ്ദാമിനെ വെള്ളപൂശേണ്ട ഒരു കാര്യവും അറബ് ലോകത്തിനില്ല. എങ്കിലും ഇറാഖിനെതിരെയുള്ള ഏതൊരു പടയൊരുക്കവും ഇസ്‌ലാം മതത്തിനെതിരെയുള്ള കുരിശുയുദ്ധമായി നിരീക്ഷിക്കാനാണ് അമേരിക്കയുടെ ചരിത്രപശ്ചാത്തലങ്ങള്‍ നമ്മേ പഠിപ്പിക്കുന്നത്. അക്കാര്യത്തില്‍ ആര്‍ക്കും വിരുദ്ധാഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.
ഇറാഖില്‍ തേനും പാലും ഒഴുകുന്ന ഒരു വാഗ്ദത്ത ഭൂമി തദ്ദേശീയര്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് അമേരിക്ക യുദ്ധം അവസാനിപ്പിച്ചത്. അതിനവര്‍ 1,34,000 ഇറാഖീ പൗരന്‍മാരെ കാലപുരിക്കയച്ചു. ഇതില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഒരു വന്‍ നിര തന്നെയുണ്ട്. മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ അമേരിക്കക്ക് നഷ്ടപ്പെട്ടത് വെറും 4488 സൈനികരെയാണ്. ഇതവരുടെ പ്രതിരോധ വകുപ്പിന്റെ കണക്കാണ്. 32,000ത്തിലധികം സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും പറയുന്നു. പക്ഷേ, ഈ കണക്കൊന്നും അവര്‍ ഇറാഖില്‍ കൊന്നൊടുക്കിയവരുടെ നാലയലത്ത് വരില്ലെന്നോര്‍ക്കണം. രോഗവും പട്ടിണിയും മാറാവ്യാധികളും സമ്മാനിച്ചുകൊണ്ടാണ് ആ യുദ്ധ പരിസമാപ്തി ഉണ്ടായത്. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ബാല്യങ്ങളെക്കൊണ്ട് ഇറാഖ് ഇന്ന് അശാന്തമാണ്. തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ തന്നെ നേരാംവണ്ണമാക്കാന്‍ ഇറാഖിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കത്തിയമര്‍ന്ന എണ്ണപ്പാടങ്ങളെ പുനഃസൃഷ്ടിക്കാന്‍ വേറെയുമെടുക്കും കാലം. 17 ട്രില്യണ്‍ ഡോളറാണ് ഇതുവരെയായി യുദ്ധത്തിന് വിനിയോഗിക്കപ്പെട്ടത്. ശിലായുഗത്തിലേക്ക് ഒരു രാജ്യത്തെ തിരിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞു എന്നല്ലാതെ അമേരിക്ക ഇറാഖില്‍ എന്തുനേടി എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
സമകാലീന ഇറാഖിന്റെ അവസ്ഥ ഒട്ടും ആശാവഹമല്ല. അമേരിക്കന്‍ പാവസര്‍ക്കാറാണ് ഇന്നവിടം ഭരിക്കുന്നത്. നൂരി മാലികിന്റെ രഹസ്യ പോലീസ് ഇറാഖിന്റെ മുക്കിലും മൂലയിലും അരിച്ചുപെറുക്കുന്നു. ഏത് നേരവും എന്തും സംഭവിക്കാവുന്ന അരക്ഷിതാവസ്ഥ. തൊഴിലില്ലായ്മയും പട്ടിണിയും ഇന്ന് ഇറാഖില്‍ പുത്തരിയല്ല. സുന്നി- കുര്‍ദ് നേതാക്കളെ ഇറാഖില്‍ നിന്ന് കെട്ടു കെട്ടിക്കുമെന്ന പ്രതിജ്ഞയിലാണ് ഇറാഖ് പ്രധാനമന്ത്രിയായ നൂരി മാലികി. ഒറ്റ ഭരണകൂടത്തിന് കീഴെ ഒരു രാഷ്ട്രമായി ആധിപത്യമരുളിയ ഇറാഖ് ഇന്ന് മൂന്നായി തരം തിരക്കപ്പെട്ട രൂപത്തിലാണ്. കുര്‍ദ് സ്വയംഭരണമേഖലയായും ശിയാഭൂരിപക്ഷമേഖലയായും സുന്നികള്‍ക്ക് ആധിപത്യമുള്ള ഇടമായും ഇറാഖ് ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ജനാധിപത്യം എന്നോ പിന്‍വാങ്ങിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാര്‍ക്ക് മുന്നില്‍ ഇരുളടഞ്ഞ വഴി നീണ്ടുകിടക്കുകയാണ്. ഒബാമക്ക് ഇറാഖില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. ഇനി അറബ് വസന്ത രൂപത്തില്‍ ഒരു വിപ്ലവം ഇറാഖില്‍ സാധ്യമാകുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. അപ്പോഴും ലോകമനഃസാക്ഷിയുടെ ചോദ്യത്തിന് മുന്നില്‍ അത്രയൊന്നും എളുപ്പത്തില്‍ അമേരിക്കക്ക് രക്ഷപ്പെടാന്‍ കഴിയുകയില്ല. ഇറാഖില്‍ നിങ്ങളെന്ത് നേടി എന്ന കാലിക പ്രസക്തിയുള്ള ചോദ്യം അവരെ ഉറക്കം കെടുത്തും.

 

[email protected]

LEAVE A REPLY

Please enter your comment!
Please enter your name here