വിവേകം കൈവെടിയരുത്

Posted on: May 11, 2013 5:44 pm | Last updated: May 11, 2013 at 5:48 pm
SHARE

vazhi vilakku new 2വിവേകം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍പ്പെട്ടതാണ്. അതിനാല്‍ തന്നെ വിവേകമുള്ളവര്‍ക്ക് ഏതൊരു സമൂഹത്തിലും പ്രത്യേകത കല്‍പ്പിക്കപ്പെടുന്നുണ്ട്. വിവേകമുള്ളവനേയും വിവേകമില്ലാത്തവനേയും ഒരേപോലെ പരിഗണിക്കുന്ന പതിവ് ഒരു സമൂഹത്തിലുമില്ല.
നിസ്‌കാരത്തിനു നേതൃത്വം നല്‍കാനായി നില്‍ക്കുമ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമ ഇപ്രകാരം പറഞ്ഞതായി അബ്ദുല്ലാഹ്ബ്‌നു മസ്ഊദ് നിവേദനം ചെയ്തിട്ടുണ്ട്. ”നിങ്ങളില്‍ എന്നോട് അടുത്ത് അടുത്ത് നില്‍ക്കേണ്ടത് പ്രായം എത്തിയവരും വിവേകികളുമാണ്. പിന്നീട് അവരോടടുത്തവര്‍ നിസ്‌കാര സ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദകോലാഹങ്ങളുണ്ടാക്കുന്നതിനെ നിങ്ങള്‍ സൂക്ഷിക്കണം.”
വിവേകത്തിന്റെയും വിവേകിയുടെയും പ്രാധാന്യം മനസ്സിലാക്കാന്‍ ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ. പ്രായവും ജീവിതാനുഭവവും ഒരാളെ, എത്രകണ്ട് ബഹുമാനിതനാക്കുന്നുവോ, അതേ അളവില്‍ ഒരാളെ ബഹുമാന്യനായി കണക്കാക്കാന്‍ അയാളുടെ വിവേകം കാരണമാകും എന്നാണ് അര്‍ഥമാക്കുന്നത്.
പക്ഷേ, വിവേകം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്നത് വിവേകത്തോടെ ആലോചിക്കുകയും അന്വേഷിച്ചറിയുകയും ചെയ്യേണ്ട വിഷയമാണ്. അറിവോ അക്ഷരാഭ്യാസമോ അല്ല വിവേകം. ഏതെങ്കിലും ഒരു വിഷയത്തിലോ ഏതാനും വിഷയങ്ങളിലോ സാമാന്യത്തിലധികം അറിവുകള്‍ സമ്പാദിച്ചു എന്നതുകൊണ്ട് ഒരാള്‍ വിവേകമുള്ളവന്‍ ആകണമെന്നില്ല. ഉള്ള അറിവ് ഫലപ്രദമായി വിനിയോഗിക്കാനുള്ള വിവേകമില്ലാത്ത എത്രയോ ആളുകളെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നാം നിത്യേന കണ്ടുമുട്ടാറുണ്ട്.
അക്ഷരാഭ്യാസമാണ് വിവേകത്തിന്റെ മാനദണ്ഡമെങ്കില്‍ കേരളീയരാണ് ലോകത്തിലേക്ക് ഏറ്റവും വിവേകികളായ മനുഷ്യസമൂഹം എന്ന് നമുക്ക് നിഷ്പ്രയാസം പറയാമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്. ആളോഹരി മദ്യപാനത്തിന്റെ കണക്കെടുത്താല്‍ ആര്‍ക്കും നിഷ്പ്രയാസം പറയാന്‍ കഴിയും കേരളീയര്‍ വിവേകം ഒട്ടുമില്ലാത്തവരാണ് എന്ന്. കൊലപാതകങ്ങളുടെ കണക്കെടുത്താല്‍, വീടുകള്‍ക്ക് അകത്തും പുറത്തുമായി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ കണക്കെടുത്താല്‍, അഴിമതിയുടെയും കൈക്കൂലിയുടെയും കണക്കെടുത്താല്‍- അവിടെയൊക്കെയും ഒന്നാമതെത്തിയതായോ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതായോ കാണാം. ഇതൊന്നും വിവേകമുള്ള ഒരു ജനതയുടെ ലക്ഷണമല്ലല്ലോ.
അപ്പോള്‍, വീണ്ടും അന്വേഷണം ആവശ്യമായി വരുന്നു. എന്താണ് വിവേകം? ആരാണ് വിവേകി? ബുദ്ധിമാന്‍ എന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ മറുപടി പറഞ്ഞുപോകാം. എന്നാല്‍ ‘വിവേകം’ എന്ന സംജ്ഞയുടെ അകംപൊരുള്‍ ‘ബുദ്ധി’യേക്കാളും ബുദ്ധിമാനേക്കാളും എത്രയോ ആഴത്തിലാണ്. അറിവും ബുദ്ധിയും കൂടിച്ചേരുമ്പോള്‍ വിവേകം ഉണ്ടാകും എന്ന് കരുതുന്നതിലും അര്‍ഥമില്ല. വക്രബുദ്ധിക്ക് അറിവുണ്ടായാല്‍ കൂടുതല്‍ മികച്ച ഒരു കുറ്റവാളിയുണ്ടാകും എന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല.
അറിവും ബുദ്ധിയും അടക്കം തനിക്ക് സ്വയത്തമായതെല്ലാം നല്ലവഴിക്ക് ഉപയോഗിക്കാന്‍ വിവേകിയായ ഒരാള്‍ക്കു മാത്രമേ സാധിക്കൂ. അതായത് ‘വിവേകം’ എന്ന സംഗതിയില്‍ ‘നന്മ’യുടെ അംശമുണ്ട്് എന്നര്‍ഥം. നന്മ എല്ലാവര്‍ക്കും സ്വയത്തമായെന്നുവരില്ല. ജഗന്നിയന്താവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ് നന്മ. അതുകൊണ്ടു തന്നെ വിവേകിയാവുക എന്നതിനര്‍ഥം അവന്റെ പ്രീതിക്ക് പാത്രമാവുക എന്നതുകൂടിയാണ്.
അതിന് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ജീവിതത്തില്‍ അത്രമാത്രം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. പഠനത്തില്‍, ജീവിത രീതിയില്‍, മാതാപിതാക്കളോടും സഹജരോടുമുള്ള പെരുമാറ്റത്തില്‍, സ്രഷ്ടാവിനോട് നന്ദി കാണിക്കുന്നതില്‍, സമൂഹത്തോട് നീതി കാണിക്കുന്നതില്‍ അങ്ങനെയങ്ങനെ ജീവിതത്തിന്റെ ഓരോ അംശത്തിലും സൂക്ഷ്മത പുലര്‍ത്തുമ്പോഴാണ് സൃഷ്ടിയുടെ ഓരോ ചലനത്തിലും നന്മ നിറയുന്നത്. നന്മയുള്ളവരാകാന്‍ ശ്രമിക്കുക. നിര്‍ദേശങ്ങള്‍ പാലിക്കുക. വിവേകികളുടെ കൂട്ടത്തിലാകാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here