Connect with us

Sports

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായി ഗാരി വീണ്ടും ?

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് ഗാരി കേസ്റ്റന്‍ തീരുമാനിച്ചു. ജലൈ അവസാനത്തോടെ രണ്ട് വര്‍ഷ കരാര്‍ പൂര്‍ത്തിയാക്കി, സ്ഥാനമൊഴിയുമെന്ന് കേസ്റ്റന്‍ തീരുമാനിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു.

2011 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതിന് ശേഷമാണ് ഗാരി കേസ്റ്റന്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകനായി ചുമതലയേറ്റത്.
തികച്ചും കുടുംബപരമായ കാരണങ്ങളാലാണ് ഗാരിയുടെ പിന്‍മാറ്റമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗാരി കേസ്റ്റന്‍ തിരിച്ചെത്താനുള്ള സാധ്യത കാണുന്നു. ഡങ്കന്‍ ഫ്‌ളെച്ചര്‍ക്ക് ബി സി സി ഐ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് പന്തിയല്ല. വര്‍ഷാവസാനം ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനൊരുങ്ങുന്ന ടീമിന് പ്രചോദനമേകാന്‍ ഫ്‌ളെച്ചറേക്കാള്‍ കേസ്റ്റനാണ് യോജിച്ച വ്യക്തിയെന്ന് ബി സി സി ഐ ഘടകങ്ങള്‍ വിശ്വസിക്കുന്നു. ആസ്‌ത്രേലിയക്കെതിരെ പരമ്പര തൂത്തുവാരിയത് മാത്രമാണ് ഫ്‌ളെച്ചറുടെ എക്കൗണ്ടില്‍ എടുത്തുപറയത്തക്ക നേട്ടം. അതിന് മുമ്പുള്ള രണ്ട് വര്‍ഷക്കാലം അത്ര മികച്ചതായിരുന്നില്ല സിംബാബ്‌വെക്കാരന്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപണിംഗ് ബാറ്റ്‌സ്മാനായ കേസ്റ്റന്‍ പരിശീലകന്റെ റോളില്‍ തിളങ്ങിയ വ്യക്തിയാണ്. ദക്ഷിണാഫ്രിക്കയെ രണ്ട് വര്‍ഷക്കാലം കൊണ്ട് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ത്തിയ കേസ്റ്റന്റെ കീഴിലായിരുന്നു ഇന്ത്യ ലോകക്രിക്കറ്റിലെ ശക്തിയായി മാറിയത്.
സ്ഥാനമൊഴിയല്‍ തീരുമാനം അറിയിച്ച കേസ്റ്റന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളുടെ പിന്തുണക്കും പരിഗണനക്കും നന്ദി അറിയിച്ചു.
കുടുംബവുമായി കഴിയാന്‍ കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് പരിശീലക സ്ഥാനമൊഴിയുന്നതെന്നും മുന്‍ താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും ജയിച്ച ദക്ഷിണാഫ്രിക്ക നാട്ടില്‍ പാക്കിസ്ഥാനെ തൂത്തുവാരുകയും ചെയ്ത് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് പരിശീലക സ്ഥാനത്ത് ഗാരി കേസ്റ്റന്റെ റേറ്റിംഗ് ഉയര്‍ത്തിയിട്ടുണ്ട്.