Connect with us

Ongoing News

പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി:സുരക്ഷാ സംവിധാനങ്ങള്‍ ശക്തം

Published

|

Last Updated

ഇസ്‌ലാമാബാദ്: വിവാദങ്ങളും കലാപങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ പാക് ജനത ചരിത്രപ്രസിദ്ധമായ വിധിയെഴുത്ത് ആരംഭിച്ചു. പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറി അഞ്ച് വര്‍ഷം തികച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി)ക്ക് വീണ്ടും അധികാരത്തിലേറാനുള്ള സാധ്യതകള്‍ ഒരുക്കുന്നതാകും ഈ തിരഞ്ഞെടുപ്പ് എന്ന നിരീക്ഷണങ്ങളുണ്ടെങ്കിലും നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗിനും ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ഭരണപക്ഷമായ പി പി പിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നിട്ടുണ്ടെന്നത് വസ്തവമാണ്.

പഞ്ചാബ്, സിന്ധ്, ബലുചിസ്ഥാന്‍, ഖൈബര്‍ പക്തൂന്‍ക്വാ എന്നി പ്രവിശ്യകളില്‍ നിന്നായി 8,61,89,802 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുത്ത് നടത്തുക. 342 ദേശീയ അസംബ്ലി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് പുറമെ പഞ്ചാബിലെ 297, സിന്ധിലെ 130, ഖൈബര്‍ പക്തൂന്‍ക്വയിലെ 99, ബലൂചിസ്ഥാനിലെ 51 പ്രവിശ്യാ നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും.
തിരഞ്ഞെടുപ്പ് പ്രവചനാതീതമകാന്‍ നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഇമ്രാന്‍ഖാന്റെ രാഷ്ട്രീയ ജീവിതത്തിലെ “സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്” ഒന്നാമത്തെ ഘടകമായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇമ്രാന്‍ഖാന്റെ ആവേശം ജനങ്ങള്‍ക്കിടയില്‍ പ്രധാനമായും യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ട എന്നാല്‍ ഗോത്ര മേഖലയില്‍ വ്യക്തമായ സ്വാധീനവുമുള്ള തഹ്‌രീകെ താലിബാന്‍ പോലുള്ള സംഘടനയോട് ഇമ്രാന്‍ഖാന്‍ കാണിച്ച തന്ത്രപ്രധാനമായ സമീപനം അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അത് വിജയത്തിലേക്ക് കയറാനുള്ള പടികള്‍ ഇമ്രാന്‍ഖാന് തുറന്നു കൊടുക്കുകയും ചെയ്‌തേക്കാം. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഇമ്രാന്‍ഖാന്‍ പിന്നീട് ആശുപത്രി കിടക്കയില്‍ നിന്ന് അണികളെ അഭിസംബോധന ചെയ്തത് യുവാക്കള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇമ്രാന്‍ ഖാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഫലം കാണുമെന്നാണ് തിരഞ്ഞെടുപ്പ് സര്‍വേകള്‍ പറയുന്നത്. ഇത് പി പി പിയുടെ വോട്ടുകള്‍ കുറക്കാനും ഫലത്തില്‍ നവാസ് ശരീഫിന് മുന്‍തൂക്കം ലഭിക്കാനും സാധിക്കുമെന്നാണ് ഒരു വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് പ്രാചരണത്തില്‍ ഇമ്രാന്‍ ഖാന്‍ ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ ഭരണപക്ഷമായ പി പി പി നിസ്സംഗത പാലിച്ചത് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകാനുള്ള മറ്റൊരു കാരണമായി. പഞ്ചാബ് പ്രവിശ്യയില്‍ വ്യക്തമായ ജനസമ്മതി പി പി പിക്ക് ഉണ്ടെങ്കിലും മറ്റ് പ്രവിശ്യകളില്‍ പി പി പിക്ക് പ്രതികൂലമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. പാര്‍ട്ടിയുടെ മേധാവിയായ ബിലാവല്‍ ഭൂട്ടോയും പിതാവും പാക് പ്രസിഡന്റുമായ ആസിഫലി സര്‍ദാരിയും തമ്മിലുണ്ടായ പിണക്കം പാര്‍ട്ടിയുടെ പ്രചാരണത്തെ ബാധിച്ചു. യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തി ഇമ്രാന്‍ ഖാന്‍ തരംഗത്തിന് ഒരുപരിധിവരെ പ്രതിരോധം തീര്‍ക്കാനാകുമായിരുന്ന പാര്‍ട്ടിയുടെ യുവ നേതാവ് പ്രചാരണത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. മുന്‍ പ്രധാനമന്ത്രിമാരായ യൂസുഫ് റാസാ ഗീലാനിയും രാജാ പര്‍വേസ് അശ്‌റഫും പ്രചാരണത്തില്‍ കൂടുതല്‍ സജീവമായിട്ടില്ല. ഇവര്‍ക്കെതിരെ അടിക്കടി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്.
പാക് താലിബാന്റെ ഭീഷണിയും ആക്രമണങ്ങളുമാണ് ഫലം പ്രവചനാതീതമാക്കുന്ന മറ്റൊരു പ്രധാന ഘടകം. താലിബാനെതിരെ ശക്തമായ നിലപാടെടുക്കുന്ന പി പി പി, അവാമി നാഷനല്‍ പാര്‍ട്ടി (എ എന്‍ പി), എം ക്യു എം തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ തിരഞ്ഞെടുപ്പ് റാലികള്‍ ലക്ഷ്യം വെച്ചും മറ്റും വ്യാപകമായ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടക്കുകയും ചെയ്തു.
വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ എ എന്‍ പിയടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് താലിബാന് ഭീഷണിയെ തുടര്‍ന്ന് പ്രചാരണം നടത്താന്‍ സാധിച്ചിട്ടില്ല. താലിബാന് സ്വാധീനമുള്ള മേഖലകളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.

Latest