മോളൂര്‍ ദാരിമി ; ആ തൂലിക ഇനി നിശ്ചലം

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 11:33 pm
SHARE

ചെര്‍പ്പുളശേരി: ദര്‍സ് സേവനത്തിന് ജീവിതം മുഴുവന്‍ നീക്കി വെച്ച പണ്ഡിതനായിരുന്നു എം ടി മൊയ്തീന്‍ ദാരിമി . വ്യാഴാഴ്ച രാത്രി ഏഴരയോടെ അദ്ദേഹം ജോലി ചെയ്യുന്ന നെടുങ്ങോട്ടൂര്‍ ജുമാമസ്ജിദില്‍ വെച്ചായിരുന്നു മരണം. പരേതന്റെ ജനാസ ഇന്നലെ ചരിത്രമുറങ്ങുന്ന മോളൂര്‍ ജുമാമസ്ജിദില്‍ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. 21-ാം വയസ്സില്‍ നന്തി ദാറുല്‍ സലാം അറബിക് കോളജില്‍ ദാരിമി ബിരുദം നേടിയ ഇദ്ദേഹം നീ്ണ്ട് മുപ്പത് വര്‍ഷക്കാലം വിവിധ പള്ളികളില്‍ മുദരിസായി സേവനമനുഷഠിച്ചു. വാഴമ്പുറം. വടുതല, മപ്പാട്ടുകര, പനങ്ങമര, അണ്ടത്തോട്, പരിയാംങ്കാട്, കണ്ണുര്‍ മമ്പ്രാ, വാളഞ്ചേരി കറുപ്പറമ്പ്,ആദിക്കാട്ടുകുളങ്ങര, ഓച്ചിറ, വല്ലപ്പുഴ കുറുവാട്ടൂര്‍, നെടുങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ മുദരിസായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷത്തെ ദര്‍സ് സേവനത്തിനിടയില്‍ നിരവധി പ്രതിഭാശാലികളായ പണ്ഡിതന്‍മാരെ വാര്‍ത്തെടുത്തു. വിവിധ സ്ഥലങ്ങളില്‍ എസ് എസ് എഫ് രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ചു. മൂഹ്‌യുദ്ദീന്‍ മോളൂര്‍ എന്ന തൂലികനാമത്തില്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ , നെല്ലിക്കുത്ത് ഇസ് മാഈല്‍ മുസ്‌ലിയാര്‍, എം ടി മാനു മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ചെര്‍പ്പുളശേരിയിലും പരിസരപ്രദേശങ്ങളിലും സംഘടനക്ക് കരുത്തും ആര്‍ജ്ജവവും നേടി കൊടുക്കുന്നതിന് അദ്ദേഹത്തിന്റെ ശ്രമം വലുതായിരുന്നു. ദര്‍സിന് കോട്ടം തട്ടുന്ന രൂപത്തിലുള്ള യാത്രകള്‍ക്കോ മറ്റു കാര്യങ്ങള്‍ക്കോ തീരെ താത്പര്യം കാണിക്കാത്ത അദ്ദേഹം വിദ്യാര്‍ഥികളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കാവശ്യമായ ഇടപെടല്‍ നടത്തിയിരുന്നു.
മോളൂര്‍ മഅദിന്‍ മസ്വാലിഹു സുന്നിയ്യ സ്ഥാപക നേതാക്കളിലൊരാളും സജീവ പ്രവര്‍ത്തകനുമായിരുന്നു.. കാന്തപുരത്തിനോടും നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരോടും സലാം പറഞ്ഞതിന്റെ പേരില്‍ കാളികാവ് പനിയാംങ്കാടുള്ള ജോലി ഉപേക്ഷിക്കേണ്ടി വന്നു.