കച്ചവടക്കാരെ ഒഴിപ്പിച്ചു

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 11:06 pm
SHARE

തിരൂരങ്ങാടി: പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ കച്ചവടക്കാരെ പോലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ചു. 27 കടകളാണ് ഒഴിപ്പിച്ച് നോട്ടീസ് പതിപ്പിച്ച് സീല്‍വെച്ചത്. എന്നാല്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ഇ ബി തിരൂരങ്ങാടി സെക്ഷന്‍ ഓഫീസും അക്ഷയസെന്ററും ഒഴിപ്പിച്ചിട്ടില്ല.

ഇന്നലെ രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വന്‍ പോലീസ് സന്നാഹത്തോടെ എത്തിയത്. ഒഴിപ്പിക്കാനുള്ള ശ്രമം ആദ്യം കടക്കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പത്ത് പേരെ പോലീസ് അറസ്റ്റുചെയ്തു. തിരൂരങ്ങാടിയില്‍ നടപ്പിലാക്കുന്ന പുര പദ്ധതി പ്രകാരം റൂറല്‍ ഹബ്ബ് നിര്‍മിക്കുന്നതിനാണ് ചെമ്മാട് ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.കഴിഞ്ഞ വര്‍ഷം പത്താം മാസം ഒന്നാം തീയതി പഞ്ചായത്ത് കടക്കാര്‍ക്ക് കട ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപാരികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കാന്‍ കലക്ടറോട് കോടതി ആവശ്യപ്പെട്ടു.
തങ്ങളെ ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നല്‍കിയ അപ്പീല്‍ ജില്ലാ കലക്ടര്‍ തള്ളിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ ഇന്നലെ കട ഒഴിപ്പിക്കാനെത്തിയത്. തിരൂരങ്ങാടി സി ഐ. എ ഉമേഷിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി പോലീസിന് പുറമെ മലപ്പുറം എ ആര്‍ ക്യാമ്പില്‍ നിന്നും വന്‍ പോലീസ് സംഘം തന്നെ സ്ഥലത്തുണ്ടായിരുന്നു. കെഎസ് ഇ ബി സെക്ഷന്‍ ഓഫീസിനും അക്ഷയക്കും വേറെ സ്ഥലം കണ്ടെത്തുന്നുണ്ട്.