Connect with us

Editors Pick

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പീഡനം വര്‍ധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: മനഃസാക്ഷിയെ നടുക്കുന്ന ശിശുപീഡനങ്ങളും സ്ത്രീപീഡനങ്ങളും രാജ്യത്ത് തുടര്‍ക്കഥയാകുമ്പോള്‍ സംസ്ഥാനത്ത് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്ത്രീകള്‍ക്കെതിരെ 23,773 അതിക്രമങ്ങളാണ് നടന്നത്. ഇതില്‍ 9072 എണ്ണം ലൈംഗിക പീഡനക്കേസുകളാണ്. ഇവയില്‍ 1976 എണ്ണം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നവയാണ്. അതിക്രമങ്ങളില്‍ 186 സ്ത്രീകള്‍ കൊല്ലപ്പെട്ടു. അഞ്ച് വയസ്സില്‍ താഴെയുള്ള പിഞ്ചുകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട് 30 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈംഗിക അതിക്രമങ്ങളില്‍പ്പെട്ട് എട്ട് സ്ത്രീകള്‍ക്കും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. പീഡനക്കേസുകളില്‍ 207 എണ്ണത്തില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്. കേസുകളില്‍ 27,089 പേരെ അറസ്റ്റ് ചെയ്തിട്ടും 45 പേര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടത്. ആഭ്യന്തര വകുപ്പ് നിയമസഭയില്‍ വ്യക്തമാക്കിയ കണക്കുകളാണിവ. മാര്‍ച്ച് പകുതി വരെയുളള കണക്കുകളാണിത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയതിന് 2115 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1326 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പ്രതികളായ 1664 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 302 കുട്ടികളെ ഈ കാലയളവിനുള്ളില്‍ തട്ടിക്കൊണ്ടുപോയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാന ജില്ലയിലാണ്- 288 കേസുകള്‍. പത്തനംതിട്ടയാണ് ഏറ്റവും കുറവ്- 57 കേസുകള്‍. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതില്‍ എട്ട് കേസുകളില്‍ സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതികള്‍. ട്രെയിന്‍ യാത്രക്കിടയില്‍ 104 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. സൗമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടു. 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബസ് യാത്രക്കിടയില്‍ 60 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീധന പീഡനത്തിനിരയായി സംസ്ഥാനത്ത് 48 യുവതികളാണ് ഈ കാലയളവില്‍ മരിച്ചത്. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്- 16 എണ്ണം. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും നടപടികള്‍ സ്വീകരിച്ചുവരുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.