Connect with us

Wayanad

റോസാപൂമേള ഇന്ന് ആരംഭിക്കും

Published

|

Last Updated

ഗൂഡല്ലൂര്‍: വസന്തോത്സവത്തിന്റെ ഭാഗമായി നടക്കുന്ന റോസാപൂമേളക്ക് ഇന്ന് ഊട്ടിയില്‍ തുടക്കം. ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായിക് മേള ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേള നാളെ സമാപിക്കും.
കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പനനീര്‍ മേള നടക്കുന്നത്. വെള്ള, മഞ്ഞ, ചുകപ്പ്, പച്ച നിറങ്ങളിലുള്ള വിവിധതരം പനനീര്‍പൂക്കളുടെ ശേഖരമാണ് സഞ്ചാരികള്‍ക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്. പനനീര്‍പൂക്കള്‍ക്കൊണ്ട് രൂപപ്പെടുത്തിയ വിവിധ വര്‍ണവിസ്മയ കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഗാര്‍ഡന്‍ പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. 20,000 വെള്ള നിറത്തിലുള്ള റോസാപൂക്കള്‍ക്ക് രൂപപ്പെടുത്തിയ പ്രാവിന്റെ മാതൃക ശ്രദ്ധേയമായിട്ടുണ്ട്. ഇത് സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. പതിനെട്ട് അടി ഉയരമുള്ള പ്രാവിന്റെ മാതൃകയാണ് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത്. കോയമ്പത്തൂര്‍, നീലഗിരി, കൃഷ്ണഗിരി, മധുര, തിരുച്ചി, ഈറോഡ്, ധര്‍മപുരി തുടങ്ങിയ ജില്ലകളിലെ കൃഷിവകുപ്പ് ഒരുക്കിയ പ്രത്യേകതരം സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. വലിയവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയും ക്യാമറ 50 രൂപയും വീഡിയോ ക്യാമറ 100 രൂപ തോതിലാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. ഈമാസം 17, 18, 19 തിയതികളിലാണ് പ്രസിദ്ധമായ ഊട്ടി പുഷ്‌പോത്സവം നടക്കുന്നത്.

 

Latest