പരിസ്ഥിതി സംരക്ഷണം തരിയോട്,അച്ചൂരാനം വില്ലേജുകള്‍ക്ക് ആഘാതം വര്‍ധിക്കും

Posted on: May 11, 2013 6:00 am | Last updated: May 10, 2013 at 10:34 pm
SHARE

കല്‍പ്പറ്റ:പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെട്ട് ജില്ലയിലെ തരിയോട്, അച്ചൂരാനം വില്ലേജുകള്‍ തീര്‍ത്തും പ്രയാസത്തിലാകും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വന്യജീവി സങ്കേതത്തിന് ചുറ്റും നടപ്പാക്കുന്ന പരിസ്ഥിതി സംവേദക മേഖലയില്‍ തരിയോട്, അച്ചൂരാനം വില്ലേജുകള്‍ ഉള്‍പ്പെട്ടിട്ടുള്ളത് മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായാണ്. കുറ്റിയാടി മലകളും കാടും ഉള്‍പ്പെടുന്ന മലബാര്‍ വന്യജീവി കേന്ദ്രത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും കോഴിക്കോട് ജില്ലയിലാണ്. പരിസ്ഥിതി സംവേദക മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതാത് ജില്ലാകലക്ടര്‍ അധ്യക്ഷരായ സമിതിയും രൂപീകരിക്കും. ഇതനുസരിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിക്കായിരിക്കും മലബാര്‍ വന്യജീവി സങ്കേത പരിസ്ഥിതി സംവേദക മേഖലാ കമ്മിറ്റിയുടെ ചുമതല.

അതുകൊണ്ട് തന്നെ പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് തരിയോട്, അച്ചൂരാനം വില്ലേജുകളില്‍ ഉള്‍പ്പെട്ടവര്‍ പരാതിയുമായി സമീപിക്കേണ്ടത് കോഴിക്കോട് ജില്ലാ കലക്ടറെ ആയിരിക്കും.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെയും ഗ്രീന്‍ ട്രൈബ്യൂണലിന്റെയും നിര്‍ദേശ പ്രകാരം നടപ്പാക്കുന്ന പാരിസ്ഥിതിക സംവേദക മേഖലയിലും പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പ്രൊഫ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശയിലെ അതീവ പരിസ്ഥിതി ലോല മേഖലയിലും ജില്ലയിലെ ആറ് വില്ലേജുകള്‍ ഒരേസമയം ഉള്‍പ്പെടുമെന്ന് ഉറപ്പായി.. തിരുനെല്ലി, തൃശിലേരി, കിടങ്ങനാട്, നൂല്‍പ്പുഴ, തരിയോട്, അച്ചൂരാനം എന്നീ വില്ലേജുകളാണ് ഒരേ സമയം പാരിസ്ഥിതിക സംവേദക മേഖലയും അതീവ പരിസ്ഥിതി ലോല പ്രദേശവുമാവുക.
വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപിക്കുന്നത്. സുപ്രീം കോടതിയുടെ എംബവേര്‍ഡ് കമ്മിറ്റി നിര്‍ദേശ പ്രകാരം തയ്യാറാക്കിയതാണ് പാരിസ്ഥിതിക സംവേദക മേഖല.
വനാതിര്‍ത്തിയില്‍ നിന്ന് അര കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ സംവേദക മേഖല വേണമെന്നതായിരുന്നു എംബവേര്‍ഡ് കമ്മിറ്റി നിര്‍ദേശം. എന്നാല്‍ കേരളത്തിലെ ജനസാന്ദ്രതയും വനമേഖലയോട് ചേര്‍ന്ന കൃഷിയും ജനങ്ങളുടെ താമസവുമൊക്കെ പരിഗണിച്ച് ഇത് പരമാവധി കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാറിന് വേണ്ടി മൂന്ന് എം എല്‍ എമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന വന്യജീവി ബോര്‍ഡ് ജില്ലകളില്‍ തെളിവെടുപ്പ് നടത്തി ഓരോ പ്രദേശത്തിനും പ്രത്യേകമായ തോതില്‍ പാരിസ്ഥിതിക സംവേദക മേഖല ശുപാര്‍ശ ചെയ്തു. ടി എന്‍ പ്രതാപന്‍ എം എല്‍ എ ചെയര്‍മാനായ വന്യജീവി ബോര്‍ഡ് ഉപസമിതിയാണ് വയനാട്ടില്‍ തെളിവെടുപ്പിന് എത്തിയത്.
നിര്‍ദിഷ്ട രീതിയില്‍ പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപിച്ചാല്‍ ബത്തേരി പോലുള്ള നഗരങ്ങളും കാട്ടിക്കുളം, മൂലങ്കാവ് പോലുള്ള അങ്ങാടികളുമൊന്നും ഉണ്ടാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ഒരേസ്വരത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ജനവാസ കേന്ദ്രങ്ങളെയും പട്ടണങ്ങളെയുമൊന്നും ബാധിക്കാത്ത രീതിയില്‍ പാരിസ്ഥിതിക സംവേദക മേഖല ശുപാര്‍ശ ചെയ്യുമെന്നാണ് ഉപ സമിതി അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. വനയാട് വന്യജീവി സങ്കേതം മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി എന്നീ റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ്.
ഈ മൂന്ന് റേഞ്ചുകളില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ നിലവിലുള്ള പട്ടണ പ്രദേശങ്ങളെ സീറോ സംവേദക മേഖലയിലും മറ്റിടങ്ങളില്‍ 12.7 കിലോമീറ്റര്‍ വരെയും പാരിസ്ഥിതിക സംവേദക മേഖലയാക്കിയുള്ള കരട് പ്രഖ്യാപനത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഈ മാസം 15ന് മുന്‍പ് ഇത് കേന്ദ്ര സര്‍ക്കാറിന് കൈമാറും. റിസോര്‍ട്ടുകള്‍, കരിങ്കല്‍ ഖനനം, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയൊന്നും പാരിസ്ഥിതിക സംവേദക മേഖലയില്‍ അനുവദനീയമല്ല. പുതിയ റോഡ് നിര്‍മാണം അടക്കമുള്ളവ തടസപ്പെടും. പ്രൊഫ മാധവ് ഗാഡ്ഗില്‍ ശുപാര്‍ശ നടപ്പാക്കുന്നതിനായി മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ നിയോഗിച്ച ഡോ കസ്തൂരി രംഗന്‍ ശുപാര്‍ശയില്‍ ജില്ലയിലെ 13 വില്ലേജുകളെയാണ് അതീവ പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി സംവേദക മേഖലയിലേതില്‍ നിന്ന് കുറച്ചുകൂടി നിയന്ത്രണങ്ങളാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട്, വൈത്തിരി താലൂക്കിലെ കുന്നത്തിടവക, ചുണ്ട, കോട്ടപ്പടി, അച്ചൂരാനം, തരിയോട്, വെള്ളാര്‍മല എന്നീ വില്ലേജുകളെയാണ് ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി അതീവ പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കൃഷി അടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഫലത്തില്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളിലും ഉള്‍പ്പെട്ട ആറ് വില്ലേജുകളിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നതാവും സര്‍ക്കാര്‍ തീരുമാനം. ഈ വില്ലേജുകളില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഭൂമി ക്രയവിക്രയം പോലും അസാധ്യമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡോ കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാനുള്ള സമയ പരിധി ഈ മാസം 31 വരെയാണ്.
ഫലത്തില്‍ അടുത്തമാസം മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ രണ്ട് റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ട ആറ് വില്ലേജുകളിലും നടപ്പാവും. തരിയോട്, അച്ചൂരാനം വില്ലേജുകാര്‍ക്ക് പാരിസ്ഥിതിക സംവേദക മേഖലയുമായി ബന്ധപ്പെട്ട പരാതികളുമായി കോഴിക്കോട് കലക്‌ടേറ്റിലും പോവേണ്ടിവരുന്നത് വിവരണാതീതമായ പ്രയാസങ്ങള്‍ക്കിടയാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here