Connect with us

Editorial

ഏറെ വൈകിപ്പോയ രാജി തീരുമാനം

Published

|

Last Updated

ഒടുവില്‍ നിയമ മന്ത്രി അശ്വിനി കുമാറും റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാലും രാജി സമര്‍പ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ വൈകുന്നേരമാണ് ബന്‍സാല്‍ രാജി നല്‍കിയത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അശ്വിനികുമാറിന്റെ രാജി. ഇതോടെ സക്കര്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സി ബി ഐ റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തില്‍ സുപ്രീംകോടതിയുടെ വിമര്‍ശം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൂടി നീളുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് സ്വാസ്ഥ്യം നല്‍കാന്‍ പ്രതിപക്ഷം സന്നദ്ധമാകുമോ എന്ന് കണ്ടറിയണം.
ഈ മാസം നാലിനാണ് റെയില്‍വേ ബോര്‍ഡിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതിന് ബന്‍സാലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയ വാര്‍ത്ത പുറത്തുവരുന്നത്. താമസിയാതെ തന്നെ ബന്‍സാല്‍ പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് നേതൃതത്തെയും രാജി സന്നദ്ധത അറിയിച്ചതാണെങ്കിലും സോണിയയുടെ വിശ്വസ്തനായ ബന്‍സാല്‍ രാജി വെക്കേണ്ടെന്ന നിലപാടാണ് അന്നേരം കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. അന്നുതന്നെ രാജിക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതൃതത്തിന്റെ പ്രതിച്ഛായയെ പ്രശ്‌നം ബാധിക്കയില്ലായിരുന്നു. അനന്തരവന്‍ കൈക്കൂലി വാങ്ങിയത് മന്ത്രിയുടെ അറിവോടെയല്ലെന്നും അദ്ദേഹം പൊതുജീവിതത്തില്‍ സംശുദ്ധനാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ രാജി ആവശ്യം നിരസിക്കുന്നതിന് സര്‍ക്കാറിന്റെ ന്യായം. സംഭവത്തില്‍ അനന്തരവന് മാത്രമല്ല, മന്ത്രിക്ക് തന്നെ പങ്കുണ്ടെന്നതിന ് സി ബി ഐക്ക് വ്യക്തമായ തെളിവ് ലഭിച്ച വിവരം പിന്നീട് പുറത്ത് വന്നു. തുടര്‍ന്ന് ഒന്നാം യു പി എ മന്ത്രിസഭയിലെ ധനകാര്യ വകുപ്പില്‍ സഹമന്ത്രിയായിരുന്ന കാലത്തെ ബന്‍സാലിന്റെ അഴിമതിക്കഥകളും വെളിച്ചത്ത് വരിയുണ്ടായി. ആ ഘട്ടത്തിലെങ്കിലും ബന്‍സാലിനെ രാജി വെപ്പിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മുഖം രക്ഷിക്കാമായിരുന്നു. ബന്‍സാല്‍ രാജി വെച്ചാല്‍, കല്‍ക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട സി ബി ഐ റിപ്പോര്‍ട്ടില്‍ മാറ്റം വരത്തിയ സംഭവത്തില്‍ പ്രതിപക്ഷം രാജിക്ക് മുറവിളി കൂട്ടുന്ന നിയമമന്ത്രി അശ്വിനി കുമാറും ഒഴിയേണ്ടി വരുമെന്നതായിരുന്നു പ്രധാനമന്ത്രിയെ ആശങ്കയിലാക്കിയത്. സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും അതിന്റെ പ്രത്യാഘാതം. തക്ക സമയത്ത് സ്വയം രാജിക്ക് സന്നദ്ധനായ ബന്‍സാലിനെ, നാണംകെട്ട് പുറത്തുപോയി എന്ന ദുഷ്‌പേര് സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിക്കുകയായിരുന്നു അശ്വിനികുമാറിന് വേണ്ടി പാര്‍ട്ടി നേതൃത്വം. പിന്നീട് സോണിയ ഇടപെട്ട് അശ്വിനികുമാറിനെയും രാജി വെപ്പിച്ചതോടെ മന്‍മോഹന്‍ സിംഗിന്റെ ശ്രമങ്ങള്‍ വിഫലമാകുകയും ചെയ്തു.
ബന്‍സാലിനേക്കാള്‍ ഗുരുതരമാണ് അശ്വിനി കുമാറിന്റെ പേരിലുളള ആരോപണം. സുപ്രീംകോടതിയുടെ നിര്‍ദേശാനുസാരം കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷിക്കുന്ന സി ബി ഐ കോടതിക്ക് സമര്‍പ്പിക്കാനായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ അനധികൃതമായി ഇടപെട്ട് മാറ്റം വരുത്തി എന്നതാണ് അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഇത്തരം ഗുരുതരമായ ക്രമക്കേടുകള്‍ കാണിക്കുന്നവര്‍ക്ക് മന്ത്രിസഭയില്‍ തുടരാന്‍ എന്തര്‍ഹത? കേസന്വേഷണത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സി ബി ഐയെ തങ്ങളുടെ ചട്ടുകമാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഇത് അന്വേഷണ ഏജന്‍സികളിലുള്ള ജനവിശ്വാസം നഷ്ടപ്പെടാനിടയാക്കും. കഴിഞ്ഞ ദിവസം സുപ്രീം കോടതി ഈ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
സി ബി ഐ റിപ്പോര്‍ട്ട് തിരുത്തിയതില്‍ നിയമ മന്ത്രിക്ക് മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന സി ബി ഐ പരാമര്‍ശമാണ് അശ്വനികുമാറിനെ പരമാവധി സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്. തന്നെ കോടതി നേരിട്ട് വിമര്‍ശിക്കാത്ത സാഹചര്യത്തില്‍ രാജി പ്രശ്‌നം ഉദിക്കുന്നില്ലെന്ന ന്യായത്തില്‍ മന്ത്രിസഭയില്‍ കടിച്ചു തൂങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെ വൈകുന്നേരം വരെ അദ്ദേഹം. പ്രിതിച്ഛായ തകര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ക്കാറിന്റെ സ്ഥിതി ഇത് കൂടുതല്‍ വഷളാക്കുകയും അടുത്ത വര്‍ഷം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമക്കുകയും ചെയ്യുമെന്ന തിരിച്ചറിവാണ് മന്‍മോഹന്റെ താത്പര്യത്തെ അവഗണിച്ചു അശ്വിനികുമാറിനെ രാജി വെപ്പിക്കാന്‍ സോണിയയെ പ്രേരിപ്പിച്ചത്. എന്നാല്‍ നിയമ മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കോടതി പരാമര്‍ശത്തില്‍ വ്യക്തമാണെന്നിരിക്കെ മന്‍മോഹന്റെ കാര്യത്തിലും പുനര്‍വിചിന്തനത്തിന് സോണിയ സന്നദ്ധയാകേണ്ടതുണ്ട്.

Latest