അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ശുഭപര്യവസാനം

Posted on: May 10, 2013 7:12 pm | Last updated: May 10, 2013 at 7:12 pm
SHARE

ദുബൈ: 87 രാജ്യങ്ങളില്‍ നിന്നു 2500 ലധികം പ്രദര്‍ശകരുടെ പങ്കാളിത്തത്തോടെ 4 നാളുകളായി നീണ്ടു നിന്ന എ ടി എം 2013 അവസാനിച്ചു. ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വ്യോമയാന രംഗത്തെ വളര്‍ച്ചയും സാമ്പത്തിക മേഖല വീണ്ടെടുക്കുന്ന ഉണര്‍വും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ വന്‍ കുതിപ്പിന് ആക്കം കൂട്ടുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
ഈ ശുഭ പ്രതീക്ഷ മേളയുടെ പ്രദര്‍ശകരിലും സന്ദര്‍ശകരിലും ഒരുപോലെ പ്രകടമായിരുന്നുവെന്ന് ഇന്ത്യന്‍ പവലിയനിലെ പങ്കാളികളായ ദേരാ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ടി പി സുധീഷ് പറഞ്ഞു. ആഡംബര വിനോദ സഞ്ചാരം, മെഡിക്കല്‍ ടൂറിസം എന്നിവയുടെ വളര്‍ച്ച മുന്നില്‍ കണ്ട് ഏഷ്യന്‍ രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലയില്‍ രൂപപ്പെടുത്തിയ വ്യത്യസ്ത പദ്ധതകളുടെ പ്രഖ്യാപനങ്ങളും ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയാണ്.
വളര്‍ന്ന് വരുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യോമയാന, വിനോദ സഞ്ചാര രംഗത്തെ സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നതില്‍ മത്സരിക്കുന്ന വിമാന കമ്പനികളും, ഹോട്ടല്‍ ചെയിനുകളും ആകര്‍ഷകങ്ങളായ വിവിധ ഇളവുകള്‍ എ ടി എം 2013 ല്‍ പ്രഖ്യാപിക്കുകയുണ്ടായി. അടുത്ത വര്‍ഷത്തെ മേള 2014, ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെയായിരിക്കുമെന്ന് സംഘാടകരായ റീഡ് ട്രാവല്‍ എക്‌സിബിഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here