ബംഗ്ലാദേശ് കെട്ടിട ദുരന്തം: 17 ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീയെ രക്ഷപ്പെടുത്തി

Posted on: May 10, 2013 6:08 pm | Last updated: May 11, 2013 at 7:01 am
SHARE
bangladesh-rescue
തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നു

ധാക്ക: ബംഗ്ലാദേശില്‍ ആയിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കെട്ടിട ദുരന്തം കഴിഞ്ഞ് 17 ദിവസത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തി. തകര്‍ന്നടിഞ്ഞ ബില്‍ഡിംഗിലെ നിസ്‌കാര മുറിയില്‍ രണ്ട് ഭീമുകള്‍ക്കിടയിലായി കുടുങ്ങിക്കിടക്കുകയായിരുന്ന രേഷ്മ എന്ന സ്ത്രീയെ രക്ഷാപ്രവര്‍ത്തകരാണ് കണ്ടെത്തിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി എത്തിയ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന് വിളിച്ചുചോദിച്ചുവത്രെ. ഈ സമയം തന്നെ രക്ഷിക്കൂ, രക്ഷിക്കൂ എന്ന് ഒരു സ്ത്രീ വിളിച്ചുപറയുന്നതായി കേട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രേഷ്മയെ കണ്ടെത്തിയത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പമ്പ് ചെയ്ത വെള്ളം കുടിച്ചാണ് സ്ത്രീ ഇത്രയും നാള്‍ ജീവിച്ചതെന്നാണ് കരുതുന്നതെന്ന് ഫയര്‍ സര്‍വീസ് മേധാവി അഹമ്മദ് അലി വാര്‍ത്താ എജന്‍സിയോട് പറഞ്ഞു. 40 മിനുട്ട് നേരെത്തെ പരിശ്രമത്തിനൊടുവിലാണ് സ്ത്രീയെ പുറത്തെടുക്കാനായത്. സ്ത്രീക്ക് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആര്‍മി ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ മോയിന്‍ പറഞ്ഞു. രേഷ്മയെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ പ്രധാനമന്ത്രി ശേഖ് ഹസീന അഭിനന്ദിച്ചു.
കഴിഞ്ഞ മാസം 24നാണ് ബംഗ്ലാദേശിലെ ടെക്‌സ്റ്റയില്‍ ഫാക്ടറിയുടെ ബഹുനില കെട്ടിടം തകര്‍ന്ന് ദുരന്തമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here