Connect with us

Sports

എഫ് എ കപ്പ് അവകാശിയെ നാളെ അറിയാം

Published

|

Last Updated

ലണ്ടന്‍: എഫ് എ കപ്പില്‍ നാളെ കലാശപ്പോരാട്ടം. ഒരറ്റത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും മറ്റേയറ്റത്ത് ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയുള്ള വിഗാന്‍ അത്‌ലറ്റിക്കും. 2011 ല്‍ കിരീട ജേതാക്കളായ, പോയ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടാവകാശികളായ റോബര്‍ട്ടോ മാന്‍സിനിയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെയാണ് മുന്‍തൂക്കം. അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്നില്‍ ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം വെച്ചുമാറിയതിന്റെ ക്ഷീണം റോബര്‍ട്ടോ മാന്‍സിനിക്കുണ്ട്.
മാഞ്ചസ്റ്ററില്‍ സിറ്റിയുടെ മേല്‍വിലാസം മെച്ചപ്പെടുത്താന്‍ സീസണില്‍ ഒരു കിരീടം നിര്‍ബന്ധമാണ്. എഫ് എ കപ്പ്, മോഹിപ്പിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുകയാണ്. വിഗാന്‍ വലിയ വെല്ലുവിളിയാകില്ലെന്ന കണക്ക്കൂട്ടല്‍ തന്നെയാണ് മാന്‍സിനിക്ക്. കഴിഞ്ഞ ദിവസം, ലീഗില്‍ വെസ്റ്റ് ബ്രോംവിചിനെ ഏക ഗോളിന് മറികടന്ന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയതിന്റെ ആവേശവും മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരില്‍ കാണാം. ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അവസാന ഏഴ് മത്സരങ്ങളും ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വ്യക്തമായ ആധിപത്യമുണ്ട്.
അവസാനമായി സിറ്റിക്ക് മേല്‍ വിഗാന്റെ ജയം 2008 സെപ്തംബറിലായിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമായ അന്റോണിയോ വലന്‍സിയ, അമിര്‍ സാകി എന്നിവരുടെ ഗോളുകളില്‍ 2-1നായിരുന്നു അഞ്ച് വര്‍ഷം മുമ്പ് വിഗാന്റെ ജയം. ഈ തോല്‍വി കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സിറ്റിയെ അബൂദബി ശതകോടീശ്വരന്‍ ഷെയ്ക് മന്‍സൂര്‍ ബിന്‍ സഈദ് അല്‍ നഹ്യാന്‍ സ്വന്തമാക്കിയതോടെ മാഞ്ചസ്റ്റര്‍ ക്ലബ്ബിന്റെ തലവര മാറി. ഗരിമയുള്ള ക്ലബ്ബായി സിറ്റി മാറി. പണക്കൊഴുപ്പില്‍ സൂപ്പര്‍താരങ്ങള്‍ സിറ്റിയുടെ ഭാഗമായി. കിരീടജയങ്ങള്‍ വന്നു ചേര്‍ന്നു. പ്രീമിയര്‍ ലീഗ് ചരിത്രത്തിലാദ്യമായി, 2012 ല്‍ അവര്‍ ജേതാക്കളാവുകയും ചെയ്തു.
ഏപ്രില്‍ പതിനേഴിന് ഹോംഗ്രൗണ്ടില്‍ വെച്ച് വിഗാനെതിരെ ജയം നേടാന്‍ വിയര്‍ത്തത് സിറ്റിയുടെ എഫ് എ കപ്പ് സാധ്യത ചോദ്യം ചെയ്യുന്ന ഘടകമാണ്. എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി ജയിച്ചത് കാര്‍ലോസ് ടെവസ് അവസാന മിനുട്ടില്‍ നേടിയ ഗോളിലായിരുന്നു. എന്നാല്‍, പ്രമുഖ കളിക്കാരുടെ പരുക്കിനാല്‍ വലയുന്ന ടീമാണിപ്പോള്‍ വിഗാന്‍. ചൊവ്വാഴ്ച സ്വാന്‍സിയ സിറ്റിയോട് 2-3ന് അവര്‍ തോല്‍ക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗില്‍ തരം താഴ്ത്തല്‍ ഭീഷണി നേരുടകയാണിപ്പോള്‍. മിഡ്ഫീല്‍ഡര്‍ മെയ്‌നര്‍ ഫിഗുവേര, സെന്റര്‍ബാക്ക് ഇവാന്‍ റമിസ് എന്നിവര്‍ പരുക്കേറ്റ് പുറത്താണ്. അന്റോലിന്‍ അല്‍കാരസും പരുക്കിന്റെ പിടിയിലാണ്. സ്വാന്‍സിയക്കെതിരെ റോണി സ്റ്റാമിന്റെ കാല് പൊട്ടുകയുണ്ടായി. വിഗാനെ ഏറെ അലട്ടുന്നതായി ഇത്. ഇതൊക്കെയാണെങ്കിലും കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല. റാഫേല്‍ ബെനിറ്റസിന് ശേഷം എഫ് എ കപ്പ് സ്വന്തമാക്കുന്ന സ്പാനിഷ് കോച്ചാവുക എന്ന ലക്ഷ്യവും മാര്‍ട്ടിനെസിനുണ്ട്. 2006 ല്‍ ലിവര്‍പൂളിനൊപ്പമാണ് ബെനിറ്റസ് എഫ് എ കപ്പ് ജയിച്ചത്.
പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താകുമെന്ന് ഇപ്പോഴും കരുതുന്നില്ല. അവസാനശ്വാസം വരെ പൊരുതും. കളിക്കാര്‍ പലരും പരുക്കിന്റെ പിടിയിലായതാണ് തിരിച്ചടിയായതെന്ന് റോബര്‍ട്ടോ മാര്‍ട്ടിനെസ് ചൂണ്ടിക്കാട്ടി.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്കും ഉപയോഗിച്ച ആദ്യ ഇലവനില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയാകും മാന്‍സിനി മാഞ്ചസ്റ്റര്‍ സിറ്റിയെ ഫൈനലിന് ഇറക്കുക. വെസ്റ്റ് ബ്രോമിനെതിരെ വിജയഗോള്‍ നേടിയ സ്‌ട്രൈക്കര്‍ എഡിന്‍ സെക്കോ ആദ്യ ഇലവനിലുണ്ടാകും.
എഫ് എ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയന്‍ കോച്ചാവുക എന്ന ഖ്യാതിയാണ് മാന്‍സിനിയെ കാത്തിരിക്കുന്നത്. മാത്രമല്ല, സിറ്റിയില്‍ മാന്‍സിനിയുടെ നില പരുങ്ങലിലാണ്.
അടുത്ത സീസണിലും പരിശീലക സ്ഥാനത്ത് തുടരണമെങ്കില്‍ സിറ്റിക്ക് തന്റെ വക മൂന്നാം കിരീടം നേടിക്കൊടുക്കേണ്ടതുണ്ട്.
അടുത്ത ചാമ്പ്യന്‍സ് ലീഗ് സീസണിന് യോഗ്യത സമ്പാദിച്ചത് സിറ്റിയില്‍ മാന്‍സിനിയുടെ ആയൂസ് വര്‍ധിപ്പിച്ചിതായും ബ്രിട്ടീഷ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

 

Latest