Connect with us

Sports

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതിയ കോച്ച് അതേ, മോയസ് തന്നെ

Published

|

Last Updated

ലണ്ടന്‍: എവര്‍ട്ടന്റെ ഡേവിഡ് മോയസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ കോച്ചായി പ്രഖ്യാപിച്ചു. ആറ് വര്‍ഷത്തെ കരാറാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മോയസിന് നല്‍കുക. പുതിയ കോച്ചിനെ എതിരേറ്റുകൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെബ്‌സൈറ്റില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ആശംസകള്‍ ചൊരിഞ്ഞു. അതേ, മോയസ് തന്നെയാണ് എന്റെ പിന്‍ഗാമി. അയാള്‍ തന്നെയാണ് മാഞ്ചസ്റ്ററിനെ ഇനിയുള്ള കാലം നയിക്കേണ്ടത്. കഠിനാധ്വാനിയും വിട്ടുവീഴ്ചയില്ലാത്തവനുമായ മോയസിനെ 1998 ല്‍ തന്നെ അസിസ്റ്റന്റ് കോച്ചായി താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. അലക്‌സ് ഫെര്‍ഗൂസനെ പോലെ ലോകം ആദരിക്കുന്ന പരിശീലകന്‍ തനിക്ക് വേണ്ടി സംസാരിക്കുന്നുവെന്നത് തന്നെ വലിയ ആദരവായി കരുതുന്നുവെന്ന് മോയസ് പറഞ്ഞു. വിഗാന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്, സ്വാന്‍സിയ കോച്ച് മൈക്കല്‍ ലൗഡ്രുപ് എന്നിവരാണ് എവര്‍ട്ടന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
സീസണ്‍ അവസാനിക്കുന്നതോടെ മോയസ് എവര്‍ട്ടന്‍ വിടുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ പിന്‍ഗാമിയാകാന്‍ വേണ്ടിയാണിതെന്നും എവര്‍ട്ടന്‍ ക്ലബ്ബ് ചെയര്‍മാന്‍ ബില്‍ കെന്റൈറ്റ് അറിയിച്ചതോടെയാണ് ഈ ട്രാന്‍സ്ഫറിന് ആദ്യ സ്ഥിരീകരണം ലഭിക്കുന്നത്. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫേസ്ബുക്ക് സൈറ്റില്‍ ഡേവിഡ് മോയസിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റയല്‍മാഡ്രിഡ് കോച്ച് ജോസ് മൗറിഞ്ഞോയുടെ സാധ്യതകളെ, മാന്യതയുടെ പരിവേഷത്തിലാണ് മോയസ് മറികടന്നത്. പതിനൊന്ന് വര്‍ഷമായി എവര്‍ട്ടന്റെ പരിശീലക സ്ഥാനത്തുള്ള മോയസിന് അലക്‌സ് ഫെര്‍ഗൂസനെയും ആര്‍സെന്‍ വെംഗറെയും പോലെ ഒരു ക്ലബ്ബിനെ രൂപപ്പെടുത്തിയെടുക്കാനുള്ള മിടുക്കും താത്പര്യവുമുള്ളതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജ്‌മെന്റ് ബോര്‍ഡ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. 2002 ല്‍ എവര്‍ട്ടനില്‍ പരിശീലകനായെത്തിയ മോയസിന് കിരീടനേട്ടങ്ങള്‍ സാധ്യമായിട്ടില്ല. എന്നാല്‍, വലിയ ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന മാഞ്ചസ്റ്റര്‍ ക്ലബ്ബുകളോടും ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂളിനോടും മത്സരിച്ച് എവര്‍ട്ടനെ പോലൊരു ചെറു ബജറ്റ് ക്ലബ്ബ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരയില്‍ പിടിച്ചു നിന്നത് മോയസിന്റെ മിടുക്കാണ്. അലക്‌സ് ഫെര്‍ഗൂസനും ആര്‍സെന്‍ വെംഗറും എവര്‍ട്ടന്റെ പുരോഗതിയെ കഴിഞ്ഞകാലങ്ങളില്‍ ഏറെ പുകഴ്ത്തിയിരുന്നു. എവര്‍ട്ടനെ നാല് തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യരാക്കിയെന്നതും മോയസിന്റെ കഴിവാണ്. ലീഗില്‍ പതിനൊന്ന് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് എവര്‍ട്ടന്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായത്. രണ്ട് തവണ ഫൈനലില്‍ പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ മോയസിന്റെ എക്കൗണ്ടില്‍ രണ്ട് കിരീടങ്ങള്‍ തിളങ്ങുമായിരുന്നു.
ഈ മാസം പത്തൊമ്പതിന് അവസാന ലീഗ് മത്സരത്തോടെ ഫെര്‍ഗൂസന്‍ യുനൈറ്റഡിന്റെ ഹോട് സീറ്റ് ഒഴിയും. ജൂലൈ ഒന്നിനാകും മോയസിന്റെ സ്ഥാനാരോഹണം. വെയിന്‍ റൂണിയെ വില്‍ക്കില്ലെന്ന പ്രഖ്യാപനമായിരിക്കും മോയസ് ആദ്യം നടത്തുകയെന്നും സൂചനയുണ്ട്. നേരത്തെ, റൂണിയെ വിറ്റ് പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്ററിന് പദ്ധതിയുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ടീം വിടാന്‍ റൂണിയും തയ്യാറെടുത്തിരുന്നു. എന്നാല്‍, മുന്‍ എവര്‍ട്ടന്‍ താരമായ റൂണിയെ മാഞ്ചസ്റ്ററിലും മോയസ് കൈവിടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

Latest