നഗരവത്കരണം: സംസ്ഥാനത്ത് കെട്ടിടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Posted on: May 10, 2013 6:00 am | Last updated: May 9, 2013 at 11:32 pm
SHARE

കണ്ണൂര്‍ : നഗരവത്കരണം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വര്‍ഷാവര്‍ഷമുണ്ടാകുന്ന കെട്ടിടങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. നഗരവത്കരണ വേഗത്തിന്റെ തോതനുസരിച്ച് അതിവേഗം വികസിക്കുന്ന നഗരങ്ങളിലുള്‍പ്പെടെ വലിയ കെട്ടിടങ്ങളുടെ എണ്ണമാണ് അതിശയിപ്പിക്കുന്ന വിധത്തില്‍ വര്‍ധിക്കുന്നത്. നഗരവത്കരണത്തിന് ഏറ്റവും കൂടുതല്‍ വേഗമുള്ള എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലുള്‍പ്പെടെ ഫഌറ്റ് സമുച്ചയങ്ങളുടെയും വാണിജ്യോപയോഗത്തിനുള്ള കെട്ടിടങ്ങളുടെയും എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തിന്റെയെങ്കിലും വര്‍ധനയുണ്ടായതായി ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നഗരവത്കരണത്തിന് ഏറ്റവും കൂടുതല്‍ വേഗമുള്ള കണ്ണൂര്‍ ജില്ലയിലാണ് ഫഌറ്റ് സമുച്ചയങ്ങളുടെ എണ്ണം കൂടിയിട്ടുള്ളത്. കടല്‍ത്തീരങ്ങളോടു ചേര്‍ന്നും അല്ലാതെയും നിരവധി ബഹുനില കെട്ടിടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. നഗരവത്കരണം കുറഞ്ഞ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും കെട്ടിടങ്ങളുടെ ആധിക്യമുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കെട്ടിടങ്ങളുടെ എണ്ണത്തില്‍ 19.9 ശതമാനം വര്‍ധനയുണ്ടായതായി ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് കെട്ടിടങ്ങള്‍ 77 ശതമാനവും താമസത്തിനുവേണ്ടി ഉപയോഗിക്കുന്നതാണെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിലാകെയുള്ള ഗ്രാമപ്രദേശങ്ങളിലെ 58,57,785 വീടുകളും നഗരപ്രദേശങ്ങളിലുള്ള 53,60,068 വീടുകളുമുള്‍പ്പെടെ 1.2 കോടി വീടുകളാണ് ആകെയുള്ളത്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ പത്ത് ശതമാനമുണ്ടെന്നാണ് കണക്ക്. ഫഌറ്റുകള്‍ ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഓട്‌മേഞ്ഞതും ഓല മേഞ്ഞതുമായ വീടുകളുടെ എണ്ണവും സംസ്ഥാനത്ത് ഇപ്പോഴും നിരവധിയുണ്ട്. ഓല മേഞ്ഞതുള്‍പ്പെടെയുള്ള 5.3 ശതമാനം വീടുകള്‍ ജീര്‍ണാവസ്ഥയിലുള്ളവയാണ്. 28.4 ശതമാനം വീടുകള്‍ നല്ലതല്ലെങ്കിലും താമസയോഗ്യമാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓലമേഞ്ഞ വീടുകള്‍ ഏറ്റവും കുറവ് (0.4 ശതമാനം) എറണാകുളത്താണെങ്കില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ് (ഏഴ് ശതമാനം). ഓടിട്ട വീടുകള്‍ ആലപ്പുഴയിലാണ് കൂടുതല്‍ (40.4 ശതമാനം). തിരുവനന്തപുരത്ത് 22.5 ശതമാനം വീടുകള്‍ ഓട് മേഞ്ഞവയാണ്.
കോണ്‍ക്രീറ്റ് വീടുകളുടെ സാന്ദ്രത ഏതാണ്ട് എല്ലാ ജില്ലകളിലും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. എറണാകുളം (64.1), തിരുവനന്തപുരം (53.8), പാലക്കാട് (30.1), തൃശൂര്‍ (59.4) എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് വീടുകളുടെ സാന്ദ്രത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൂടിയിട്ടുണ്ട്.
കേരളത്തിലെ വീടുകളില്‍ 30 ശതമാനത്തിലും ശരാശരി നാല് അംഗങ്ങള്‍ താമസിക്കുന്നുണ്ട്. ഒമ്പതിലധികം അംഗങ്ങളുള്ള വീടുകളുടെ എണ്ണക്കൂടുതല്‍ മലപ്പുറത്താ (9.7 ശതമാനം)ണെന്ന് സര്‍വേ വ്യക്തമാക്കുന്നു. കാസര്‍കോട്ടും കണ്ണൂരും കൂട്ടുകുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ എണ്ണവും കൂടുതലാണ്. എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലാണ് തീര്‍ത്തും അണുകുടുംബ വ്യവസ്ഥിതിയുള്ളത്. സംസ്ഥാനത്ത് കെട്ടിടങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇവയിലധികവും ഉപയോഗിക്കുന്നത് സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും 90 ശതമാനം വീടുകളും സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
ദക്ഷിണ കേരളവും ഉത്തര കേരളവും തമ്മില്‍ നഗരവത്കരണത്തിലും കെട്ടിടങ്ങളുടെ വര്‍ധനയിലുള്ള ഗതിവേഗത്തിലും മാറ്റമുണ്ട്. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ 60കളിലും 70കളിലും നഗരവത്കരണത്തിന്റെ തോത് ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഏറ്റവും അടുത്ത കാലത്താണ് സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തും ഉത്തര ഭാഗത്തും നഗരവത്കരണ വേഗം ഉയര്‍ന്നുനില്‍ക്കുന്നത്. അതിനാല്‍ത്തന്നെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കെട്ടിടങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന കൂടിയതും അടുത്ത കാലത്ത് തന്നെയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here