ബന്‍സാല്‍ പുറത്തേക്ക്; അശ്വനികുമാറിന്റെ വകുപ്പ് മാറും

Posted on: May 10, 2013 6:00 am | Last updated: May 10, 2013 at 10:21 am
SHARE

ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസില്‍ ആരോപണ വിധേയനായ കേന്ദ്ര മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പുറത്തേക്ക് . ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നിന്ന് ബന്‍സാല്‍ വിട്ടുനിന്നു. റെയില്‍വേ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബന്‍സാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അഭ്യൂഹമുണ്ട്. കേസുമായി ബന്ധപ്പെട്ട് ബന്‍സാലിനെ സി ബി ഐ അടുത്തയാഴ്ച ചോദ്യം ചെയ്‌തേക്കും. സി ബി ഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തിരുന്നു. കൈക്കൂലിക്കേസില്‍ മന്ത്രിയുടെ പങ്ക് സംബന്ധിച്ച് സി ബി ഐക്ക് തെളിവ് ലഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ വെച്ചുപൊറുപ്പിക്കുന്നത് സര്‍ക്കാറിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സി ബി ഐ ചോദ്യം ചെയ്യുന്നതോടെ രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി നേതൃതലത്തില്‍ ആലോചന നടക്കുന്നത്. ചോദ്യം ചെയ്യലിനു മുമ്പ് ബന്‍സല്‍ പ്രധാനമന്ത്രിയെ കാണുമെന്നാണ് സൂചന.
മന്ത്രി ഇന്നലെ മുഴുവന്‍ അശോക റോഡിലെ വസതിയിലായിരുന്നു. ഓഫീസിലെത്തിയിരുന്നില്ല. മന്ത്രിക്ക് സുഖമില്ലായിരുന്നുവെന്നും മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ റെയില്‍വേ കാര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി അന്വേഷിച്ച സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തിയെന്നതിന് ആരോപണവിധേയനായ നിയമ മന്ത്രി അശ്വനികുമാറിന് വകുപ്പ് മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം ഇന്നലെ ഓഫീസില്‍ എത്തിയെങ്കിലും പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയെ കണ്ട് തന്റെ ഭാഗം ന്യായീകരിക്കാന്‍ അശ്വനികുമാര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി വിസമ്മതിക്കുകയായിരുന്നുവെന്നാണ് വിശ്വസ്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മന്ത്രി അശ്വനികുമാര്‍ ഏതാണ്ട് മുപ്പത് മിനുട്ട് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. ഇത് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹത്തിന് ഇട നല്‍കി. എന്നാല്‍, പിന്നീട് വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ താന്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്ന് അശ്വനികുമാര്‍ പറഞ്ഞു. അശ്വനികുമാര്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ചയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി അശ്വനികുമാര്‍ ചര്‍ച്ച നടത്തി.
അതേസമയം, അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കല്‍ക്കരിപ്പാടം വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെ നടപടികള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു എ ജിയുടെ സന്ദര്‍ശനോദ്ദേശ്യം.
കല്‍ക്കരി ഇടപാടിനെ കുറിച്ചുള്ള സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് അതില്‍ കാതലായ മാറ്റങ്ങള്‍ മന്ത്രി വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിയുടെ നടപടിയില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയുമുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട് അതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി ബി ഐ, പ്രധാനമന്ത്രിയുടെ ഓഫീസ്, കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സി ബി ഐ കൂട്ടിലിട്ട തത്തയാണെന്നും യജമാനന്മാരുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി. അതേസമയം, തനിക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് വാദിക്കുന്ന കുമാര്‍, മന്ത്രിപദവി നിലനിര്‍ത്താന്‍ പാടുപെടുകയാണ്. രാജി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here