ആരോഗ്യ ഇന്‍ഷ്വറന്‍സ്; പ്രത്യേക അതോറിറ്റി രൂപവത്കരിക്കും

Posted on: May 9, 2013 7:03 pm | Last updated: May 9, 2013 at 7:03 pm

അബുദാബി: സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കിയില്ലെങ്കില്‍ ഒരാള്‍ക്ക് 10,000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍. പുതുതായി ഫെഡറല്‍ ഗവണ്‍മെന്റ് തയ്യാറാക്കുന്ന കരട് നിയമത്തിലാണ് ഭീമമായ തുക പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പ്. സ്‌പോണ്‍സര്‍ ഓരോ തൊഴിലാളിക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കേണ്ടി വരുമെന്ന് ഇത്തിഹാദ് ദിനപത്രത്തെ ഉദ്ധരിച്ചാണ് രാജ്യത്തെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ പരിരക്ഷ ഒരുക്കാന്‍ വരുന്ന ചെലവ് തൊഴിലാളികളില്‍ നിന്നും ഈടാക്കുന്നതായി തെളിഞ്ഞാല്‍ ഓരോ തൊഴിലാളിക്കും സ്‌പോണ്‍സര്‍ 10,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും നല്‍കേണ്ടി വരും. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാവും പിഴ നല്‍കേണ്ടി വരിക. ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ കിട്ടാന്‍ കൃത്രിമം കാണിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ളവക്ക് 10,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെയാവും പിഴ. ആരോഗ്യ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നില്ലെന്ന് പരാതി ലഭിക്കുകയും സത്യമാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന കേസുകളില്‍ 50,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം വരെയാവും പിഴ.

പുതിയ നിയമത്തിലെ കരട് രേഖ പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കും. നീതിന്യായ മന്ത്രിയുടെ കീഴിലാവും അതോറിറ്റി. അതോറിറ്റിക്ക് ജുഡീഷ്യല്‍ അധികാരം നല്‍കും. അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിക്കാനും വീഴ്ച ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ആവശ്യമായ നടപടി സ്വീകരിക്കാനും സുപ്രധാനമായ പുതിയ കരട് നിയമം അധികാരം നല്‍കുന്നു. നിയമലംഘനങ്ങള്‍ നിയന്ത്രിക്കാനും തടയാനും ആവശ്യമായ നിയമ നടപടി സ്വീകരിക്കാനും മതിയായ ശിക്ഷ ഉറപ്പാക്കാനും അതോറിറ്റിക്ക് സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാനാവും. പുതിയ അതോറിറ്റി ആരോഗ്യമന്ത്രാലയവുമായും ആരോഗ്യ രംഗത്തെ മറ്റ് അതോറിറ്റിയുമായും സഹകരിച്ചാവും പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്‍ഷൂറന്‍സ് സേവനം നല്‍കുന്ന ദാതാവില്‍ നിന്നും മറ്റൊരു ദാതാവിലേക്ക് മാറാന്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന ആള്‍ക്കുള്ള അവകാശം വരാനിരിക്കുന്ന നിയമം ഉറപ്പാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അതോറിറ്റിയുടെ നിരീക്ഷണത്തിലും ചട്ടങ്ങള്‍ക്കും വിധേയമായിരിക്കും.
തൊഴിലാളികള്‍ക്ക് ഓരോ സ്‌പോണ്‍സറും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അതോറിറ്റികളില്‍ രേഖകള്‍ സമര്‍പ്പിക്കണം. ഇന്‍ഷ്വറന്‍സ് തുകയായി എത്ര രൂപയാണ് ഈടാക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരവും ഇന്‍ഷൂറന്‍സ് അതോറിറ്റിക്കായിരിക്കും. എന്നാല്‍ ആരോഗ്യ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ് അതോറിറ്റി തീരുമാനം കൈക്കൊള്ളുക.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇന്‍ഷൂറന്‍സ് ആവശ്യമായ കമ്പനികളുടെ മാനേജ്‌മെന്റില്‍ പങ്കാളിയാവുന്നതും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതും നിയമത്തിന്റെ കരടില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.