Connect with us

Gulf

'ഇന്ധനച്ചെലവ് കുറക്കാന്‍ റണ്‍വേയില്‍ വിമാനങ്ങളെ കെട്ടിവലിച്ചു കൊണ്ടുപോകാം'

Published

|

Last Updated

ദുബൈ: വ്യോമ മേഖലയിലെ ഇന്ധനച്ചെലവ് കുറക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ വഴി തേടുന്നു. ദുബൈയില്‍ നടക്കുന്ന എയര്‍പോര്‍ട്ട് ഷോ ഇതുസംബന്ധിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു.
വിമാനങ്ങള്‍ റണ്‍വേയില്‍ ചെലവ് ചെയ്യുന്ന സമയം കുറക്കണമെന്ന് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച ടി എല്‍ ഡി യൂറോപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാലെന്റിന്‍ ഷ്മിത്ത് പറഞ്ഞു.
ഒരു വിമാനം ശരാശരി 21 മിനിട്ട് റണ്‍വേയില്‍ കറങ്ങുന്നുണ്ട്. റണ്‍വേയില്‍ നിന്ന് ഗേറ്റിലേക്ക് വിമാനത്തെ വലിച്ചുകൊണ്ടുപോകാനുള്ള സംവിധാനം പരീക്ഷിക്കണം. ഇതിലൂടെ 50 ശതമാനം ഇന്ധനം ലാഭിക്കാന്‍ കഴിയും. പരിസ്ഥിതി സൗഹൃദ മാര്‍ഗവുമാണത്. യൂറോപ്പില്‍ ടാക്‌സി ബോട്ട് എന്ന പേരിലാണ് ഈ സാമഗ്രി അറിയപ്പെടുന്നത്. പ്രതിവര്‍ഷം 870 കോടി ഡോളര്‍ വരെ ഇന്ധനച്ചെലവ് ലാഭിക്കാം. പൈലറ്റിന് തന്നെ ടാക്‌സി ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എയര്‍ലൈന്‍ കമ്പനികള്‍ക്ക് 30 ശതമാനം ലാഭം നേടിക്കൊടുക്കുന്ന വിദ്യയാണിത്.
വിമാനത്തിന്റെ മുന്‍വശത്തെ വീലുമായി ടാക്‌സി ബോട്ടിനെ ഘടിപ്പിക്കുകയും വിമാനത്തെ വലിച്ചുകൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. കോക്പിറ്റില്‍ ഇരുന്ന് പൈലറ്റിന് വിമാനത്തെ നിയന്ത്രിക്കാം.
ലുഫ്താന്‍സയില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. 2013ലെ മികച്ച കണ്ടുപിടുത്തങ്ങളിലൊന്നാണിതെന്നും വാലെന്റിന്‍ ഷ്മിത്ത് പറഞ്ഞു.

Latest