പര്‍ദ വിവാദം: ഇന്ത്യാവിഷന്‍ ക്ഷമ ചോദിച്ചു

Posted on: May 9, 2013 4:59 pm | Last updated: May 13, 2013 at 8:51 pm
SHARE

indiavision parda

കോഴിക്കോട്: പര്‍ദ ധരിക്കുന്നത് പ്രാകൃത രിതിയാണെന്ന ശൈലിയില്‍ പരിപാടി സംപ്രേഷണം ചെയ്തതിന് ഇന്ത്യാവിഷന്‍ ചാനല്‍ ക്ഷമചോദിച്ചു. ഇന്ത്യാവിഷന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍ ചാനലിന്റെ വെബ്‌സൈറ്റിലൂടെയാണ് ക്ഷമാപണം നടത്തിയത്.

കഴിഞ്ഞ മാസം ഒന്‍പതിനാണ് ഇന്ത്യാവിഷന്റെ മലപ്പുറം ലേഖിക ഫൗസിയ മുസ്തഫ തയ്യാറാക്കിയ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദയെ രൂക്ഷമായി വിമര്‍ശിച്ചത്. പര്‍ദ പ്രാകൃതമായ വസ്ത്രധാരണ രീതിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഫൗസിയ. സഊദി സ്വദേശിവത്കരണ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രക്ഷേപണം ചെയ്ത പരിപാടിയിലാണ് തികച്ചും അനാവശ്യമായി പര്‍ദക്കെതിരെ ലേഖിക ഉറഞ്ഞുതുള്ളിയത്. സംഭവം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ സജീവ ചര്‍ച്ചയാകുകയും ഇന്ത്യാ വിഷന്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം മുഴങ്ങുകയും ചെയ്തതോടെ ചാനല്‍ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു. ചാനലിനും ലേഖികക്കുമെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിറഞ്ഞിരുന്നത്.

പ്രോഗ്രാമിന്റെ ഉള്ളടക്കത്തിന് ആവശ്യമില്ലാത്ത രണ്ട് മൂന്ന് വാക്യങ്ങള്‍ സ്‌ക്രിപ്റ്റില്‍ കടന്നുകൂടിയെന്ന വിമര്‍ശനം ശരിവെച്ചുകൊണ്ടാണ് ഇന്ത്യാവിഷന്‍ ക്ഷമ ചോദിച്ചിരിക്കുന്നത്. വസ്ത്ര ധാരണത്തിലുള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് സ്വയം നിര്‍ണയാവകാശമുണ്ടാകണമെന്ന വിശാല പുരോഗമന അഭിപ്രായമാണ് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ സമിതിയുടേതെന്ന് എം പി ബഷീര്‍ പറയുന്നു. ജനസംഖ്യയില്‍ നല്ലൊരു വിഭാഗം ഉപയോഗിക്കുന്ന ഒരു വസ്ത്രധാരണ രീതി എതെങ്കിലും രിതിയില്‍ പ്രാകൃതമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വിശദീകരണത്തില്‍ പറഞ്ഞു.

fousiya musthafaപരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് ഇന്ത്യാവിഷനെതിരെ അപകീര്‍ത്തികരമായ ക്യാമ്പയിന്‍ നടത്തുകയാണെന്ന് ബഷീര്‍ ആരോപിച്ചു. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഫൗസിയ വ്യക്തിപരമായും സ്ഥാപനമെന്ന നിലയില്‍ ഇന്ത്യാവിഷനും നടപടികള്‍ സ്വീകരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസ്തുത പരിപാടി തങ്ങളുടെ ഇന്റര്‍നെറ്റ് ആര്‍ക്കൈവ്‌സില്‍ നിന്ന് പിന്‍വലിച്ചതായും ബഷീര്‍ അറിയിച്ചു.

ഇന്ത്യാവിഷന്റെ ക്ഷമാപണവും സോഷ്യല്‍ നെറ്റവര്‍ക്കുകള്‍ എറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ശക്തിയായാണ് ഈ ക്ഷമാപണം വിലയിരുത്തപ്പെടുന്നത്. നിയമനടപടിയെന്ന് ഭീഷണി വേണ്ടെന്നും അത് വിലപ്പോവില്ലെന്നും സോഷ്യലുകാര്‍ ആണയിട്ട് പറയുന്നു.

മുസ്‌ലിം വസ്ത്രധാരണം പ്രാകൃതമാക്കുന്നവരോട്. ഡോ.ഫാറൂഖ് നഈമി അല്‍ ബുഖാരി.കൊല്ലം (എസ്.എസ്.എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ്)

LEAVE A REPLY

Please enter your comment!
Please enter your name here