പാക് മുന്‍ പ്രധാനമന്ത്രിയുടെ മകനെ തട്ടിക്കൊണ്ടുപോയി

Posted on: May 9, 2013 3:26 pm | Last updated: May 9, 2013 at 6:24 pm
SHARE

ali-haider-gilani-300-x-250ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസാ ഗീലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയി. മുള്‍ത്താനില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് അലി ഹൈദര്‍ ഗീലാനിയെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇതിനിടെയുണ്ടായ വെടിവെപ്പില്‍ അലി ഹൈദര്‍ ഗീലാനിയുടെ പേഴ്‌സണല്‍ സെക്രട്ടറി മുഈനുദ്ദീനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ഒരു വാഹനത്തില്‍ കയറ്റി അലി ഹൈദറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സംഘത്തിനായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുള്‍ത്താനിലേക്കും പുറത്തേക്കുമുള്ള വഴികള്‍ സീല് ചെയ്തതായി പോലീസ് അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാക്കിസ്ഥാനില്‍ അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. ബലൂചിസ്ഥാനിലെ തുര്‍ബത്ത് മേഖലയില്‍ നവാസ് ശരീഫ് നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് – എന്നിന്റെ റാലിക്ക് നേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്.