ഹയര്‍ െസക്കന്‍ഡറി: 34627 പേര്‍ ഉപരിപഠന യോഗ്യത നേടി

Posted on: May 9, 2013 1:52 am | Last updated: May 9, 2013 at 1:54 am
SHARE

മലപ്പുറം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലക്ക് 82.08 ശതമാനം വിജയം. 478 പേര്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. സംസ്ഥാന വിജയത്തേക്കാള്‍ അല്‍പം മുന്നേറിയിട്ടുണ്ടെങ്കിലും ജില്ലക്ക് കഴിഞ്ഞ വര്‍ഷത്തെ മികവിനൊപ്പമെത്താന്‍ ഇത്തവണയായില്ല. കഴിഞ്ഞ വര്‍ഷം 88.99 ശതമാനമായിരുന്നു വിജയം. ഇത്തവണ 225 സ്‌കൂളുകളിലായി 42368 പേരാണു രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ 42185 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 34627 പേര്‍ ഉപരിപഠന യോഗ്യത നേടി. 2010-11 ല്‍ മലപ്പുറത്ത് 83.32 ശതമാനം പേര്‍ വിജയിച്ചിരുന്നു. പ്ലസ്ടു ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 14713 പേര്‍ പരീക്ഷയെഴുതിയതില്‍ 4867 പേര്‍ മാത്രമാണു വിജയിച്ചത്. വിജയം 33.38 ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 51.69 ശതമാനം പേര്‍ വിജയിച്ചിരുന്നു. ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 416 ല്‍ 374 പേര്‍ വിജയിച്ചു. വിജയശതമാനം 89.98.
വി എച്ച് സി ഇയില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 2196 പേരില്‍ 2041 പേരും വിജയിച്ചു. വിജയം 92.94 ശതമാനം. ഒന്ന്, രണ്ട്, മൂന്ന് പാര്‍ട്ടുകളിലായി 88.89 ശതമാനമാണു വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹയര്‍സെക്കന്‍ഡറി ജനറല്‍, ഓപ്പണ്‍ വിഭാഗത്തിലാണിത്തവണ വിജയശതമാനം കുറഞ്ഞത്.

14 സ്‌കൂളുകള്‍ക്ക്  ഫുള്‍മാര്‍ക്ക്

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങലിലായി ജില്ലയില്‍ 14 സ്‌കൂളുകള്‍ക്ക് നൂറുമേനി. ഹയര്‍സെക്കന്‍ഡറിയില്‍ ആറും വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറിയില്‍ എട്ടും സ്‌കൂളുകളാണ് നൂറു മേനി കൊയ്തത്.
ഹയര്‍ സെക്കന്‍ഡറിയില്‍ പി കെ എം എം എച്ച് എസ് എസ് എടരിക്കോട്, വി എച്ച് എം എച്ച് എസ് എസ് മൊറയൂര്‍, എസ് ഒ എച്ച് എസ് എസ് അരീക്കോട്, എന്‍ എസ് എസ് കെ എച്ച് എസ് എസ് പുത്തൂര്‍, ഐഡിയല്‍ ഇംഗ്ലീഷ് എച്ച് എസ് എസ് കടകശ്ശേരി, ഗൈഡന്‍സ് എച്ച് എസ് എസ് കട്ടുപ്പാറ എന്നീ സ്‌കൂളുകലാണ് നൂറു മേനി കൊയ്തത്.
വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറിയില്‍ കെ എം പി ബി വി എച്ച് എസ് എസ് തവനൂര്‍, ജി വി എച്ച് എസ് എസ് ടി എച്ച് എസ് മഞ്ചേരി, ജി എം വി എച്ച് എസ് എസ് നിലമ്പൂര്‍, ജി വി എച്ച് എസ് എസ് മക്കരപ്പറമ്പ്, ജി വി എച്ച് എസ് എസ് വണ്ടൂര്‍, ബി വൈ കെ വി എച്ച് എസ് എസ് വളവന്നൂര്‍, പി എം എസ് എ വി എച്ച് എസ് എസ് ചാപ്പനങ്ങാടി, എസ് വി എച്ച് എസ് എസ് പാലേമാട് എന്നീ സ്‌കൂളികളിലാണ് 100 ശതമാനം വിജയം കൈവരിച്ചത്. ജില്ലയില്‍ 27 സ്‌കൂളുകളിലായി എന്‍ജിനീയറിംഗ് ടെക്‌നോളജി, അഗ്രികള്‍ച്ചറ്, അനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, പാരാമെഡിക്കല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍, ഹോം സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് ആന്റ് കൊമേഴ്‌സ് തുടങ്ങിയ ഒമ്പത് ബഞ്ചുകളിലായി 42 വൊക്കേഷണല്‍ കോഴ്‌സുകളാണുള്ളത്.