അലിഗഢ് ഓഫ് ക്യാമ്പസിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ വിഹിതം

Posted on: May 9, 2013 1:50 am | Last updated: May 9, 2013 at 1:50 am
SHARE

പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ വിഹിതം. ഡല്‍ഹിയില്‍ ചേര്‍ന്ന എക്‌സപന്റീച്ചര്‍ ഫിനാന്‍സ് കമ്മിറ്റി യോഗം 105 കോടി രൂപക്കാണ് അംഗീകാരം നല്‍കിയത്.
അലിഗഢ് കേന്ദത്തിന് ഡി പി ആര്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ഉന്നത തല യോഗം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. രണ്ടര വര്‍ഷം മുമ്പാണ് അലിഗഢ് കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ ഡി പി ആര്‍ അംഗീകാരത്തിനായി മാനവ വിഭവശേഷി വകുപ്പിന് സമര്‍പ്പിച്ചത്. ആദ്യം 1200 കോടി രൂപയുടേത് ചുരുക്കി 140 കോടി രൂപയാക്കുകയായിരുന്നു. സാമ്പത്തിക പ്രയാസം കൊണ്ട് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന കാര്യങ്ങള്‍ക്കും ഏറെ പ്രയാസം അനുഭവിച്ചു വരികയായിരുന്നു ഈ കേന്ദ്രം. നേരത്തെ യു ജി സി 25 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ലഭിച്ചത് കൊണ്ടാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കാതിരുന്നത്. കഴിഞ്ഞ വര്‍ഷം എക്‌സപന്റീച്ചര്‍ ഫിനാന്‍സ് കമ്മിറ്റി ഡി പി ആര്‍ പരിഗണനക്കായി എടുത്തിരുന്നെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നെന്നും ഡി പി ആര്‍ അംഗീകാരം ലഭിച്ചതോടെ ഇനി എം ബി എ, എല്‍ എല്‍ ബി കോഴ്‌സുകളിലേക്ക് സ്ഥിരം ജീവനക്കാരെ നിയമിക്കും. വനിത പോളിടെക്‌നിക് കോളജ്, വനിത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവ തുടങ്ങാനാകൂ. അടുത്ത അധ്യായന വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആരംഭിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇത് ആരംഭിച്ചാല്‍ മാത്രമേ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുവെന്നു അഭിപ്രായമുണ്ട്. കേന്ദ്രത്തിന്റെ ഭാവി വികസനത്തെ ബാധിക്കും വിധം ചുവപ്പ് നാടയില്‍ കുടുങ്ങിയ ക്യാമ്പസിന് അംഗീകാരം ലഭിച്ചതോടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകിയിട്ടുണ്ട്.