ആരോഗ്യ ഇന്‍ഷുറന്‍സ്: 52972 പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി

Posted on: May 9, 2013 1:43 am | Last updated: May 9, 2013 at 1:43 am
SHARE

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആര്‍ എസ് ബി വൈ ചിസ് പദ്ധതി മുഖേനെ 2012-13 ല്‍ ജില്ലയില്‍ 52972 കുടുംബങ്ങള്‍ക്ക് 14.97 കോടിയുടെ സൗജന്യ ചികിത്സ നല്‍കി.
233356 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തു. സ്മാര്‍ട്ട് കാര്‍ഡുള്ള കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കും കൂടി വര്‍ഷത്തില്‍ 30000 രൂപയുടെ ചികിത്സയാണ് പദ്ധതിയില്‍ നല്‍കുതന്നത്. കൂടാതെ ചിസ് പ്ലസ് പദ്ധതി പ്രകാരം 70000 രൂപയുടെ അധിക സഹായവും നല്‍കിയിട്ടുണ്ട്. അര്‍ബുദ, വൃക്ക, ഹൃദയ, കരള്‍, ന്യൂറോ, അപകട സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ചിസ് പ്ലസില്‍ സഹായം നല്‍കിയത്.
കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായി കുറഞ്ഞത് 10 വര്‍ഷം അംശദായം അടച്ച് 60 വയസ് പൂര്‍ത്തിയാക്കി പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റിയ അസംഘടിതരായ 209 തൊഴിലാളികള്‍ക്ക് 14.27 ലക്ഷം വിതരണം ചെയ്തു.
ഗ്രാമ പ്രദേശങ്ങളിലെ ഭൂമിയില്ലാത്തവരും അഞ്ച് സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവരുമായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് നടപ്പാക്കിയ ആം ആദ്മി ബീമ യോജന വഴി 2386 വിദ്യാര്‍ഥികള്‍ക്ക് 28.63 ലക്ഷം സ്‌കോളര്‍ഷിപ്പ് നല്‍കി.
ഒമ്പത് മുതല്‍ പ്ലസ്ടു വരെ പഠിക്കുവര്‍ക്കാണ് പ്രതിവര്‍ഷം 1,200 നിരക്കില്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. കൂടാതെ 30 പേരുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായമായി ഒമ്പത് ലക്ഷം എല്‍ ഐ സി വഴി വിതരണം ചെയ്തിട്ടുണ്ട്. മരണം/അപകടം സംഭവിച്ച അംഗങ്ങള്‍ക്ക് അപകട തീവ്രതയുടെ അടിസ്ഥാനത്തില്‍ 30,000 മുതല്‍ 75,000 വരെ ധനസഹായം നല്‍കിവരുന്ന പദ്ധതി പ്രകാരമാണിത്. 18നും 59 നുമിടയില്‍ പ്രായമുള്ള ഭൂരഹിതരായ ഗ്രാമീണ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം.
കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 24 തൊഴിലാളികള്‍ക്ക് 7.5 ലക്ഷം നല്‍കി. മരംകയറ്റ തൊഴിലാളി പെന്‍ഷന്‍ പദ്ധതി പ്രകാരം 171 ഗുണഭോക്താക്കള്‍ക്കായി 10.81 ലക്ഷം അനുവദിച്ചു. ഈ തൊഴിലാളികളുടെ മക്കള്‍ ആം ആദ്മി ബീമാ യോജന പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്.
പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കു ജില്ലാ ലേബര്‍ ഓഫീസില്‍ അറിയാം. ഫോണ്‍: 0483 2734814.