അഴിമതി; ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ നഗരസഭാ ബോര്‍ഡ് യോഗത്തിലേക്ക് ഇരച്ചു കയറി

Posted on: May 9, 2013 1:26 am | Last updated: May 9, 2013 at 1:26 am
SHARE

നിലമ്പൂര്‍: വീട്ടിക്കുത്ത് റോഡിലെ ഡ്രൈനേജ് പ്രവര്‍ത്തിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നഗരസഭാ ബോര്‍ഡിലേക്ക് ഇരച്ചുകയറി. സംഭവത്തിനിടെ മൂന്ന് വനിതാ കൗണ്‍സിലര്‍മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു.
ഇന്നലെ പരാതി പരിഹാര രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബോര്‍ഡ് യോഗം ആരംഭിച്ച ഉടന്‍ തന്നെ വീട്ടിക്കുത്ത് റോഡിലെ ഡ്രൈനേജ് അഴിമതി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് ഇടതുപക്ഷ കൗണ്‍സിലറായ ഉമ്മഴി വേണു നോട്ടീസ് നല്‍കിയെങ്കിലും ഇതു ചര്‍ച്ച ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടയിലാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബോര്‍ഡ് യോഗത്തിലേക്ക് ഇരച്ചുകയറിയത്.
ഡ്രൈനേജ് നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കുക, അഴിമതിക്കാരനായ കരാറുകാരനെ സംരക്ഷിക്കുന്ന ചെയര്‍മാന്‍ രാജിവെക്കുക, കരാറുകാരും ചെയര്‍മാനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുദ്രാവാക്യം വിളികളോടെ എത്തിയ പ്രവര്‍ത്തകര്‍ യോഗഹാളില്‍ കുത്തിയിരിപ്പ് നടത്തി.
ഇതിനിടെയാണ് പൊട്ടിപ്പാറ ഡിവിഷന്‍ കൗണ്‍സിലറായ രജനീരാജന്‍ കുഴഞ്ഞുവീണത്. സമരത്തിനിടെ കസേര കൊണ്ടുള്ള അടിയേറ്റാണ് കൗണ്‍സിലര്‍ കുഴഞ്ഞുവീണതെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. സമരം നിലമ്പൂര്‍ അഡീഷണല്‍ എസ് ഐ ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിഷേധക്കാരെ ബലമായി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. പിടിവലിക്കിടെ രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു. നിലമ്പൂര്‍ സ്റ്റേഷനിലെ സി പി ഒമാരായ അന്‍വര്‍, സുകേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതുസംബന്ധിച്ച് കണ്ടാലറിയാവുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസപ്പെടുത്തി ഡ്യൂട്ടിക്കിടെ ദേഹോപദ്രവം ഏല്‍പ്പിച്ചു, അനധികൃതമായി സംഘം ചേര്‍ന്നു എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ചികിത്സയിലുള്ള കൗണ്‍സിലര്‍മാരെ നഗരസഭ ചെയര്‍മാനടക്കമുള്ള കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here